
ന്യൂഡൽഹി: ലക്ഷദ്വീപിലെ വിവിധ പദ്ധതികൾക്ക് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. കൽപ്പേനി ദ്വീപിന്റെ കിഴക്കുഭാഗത്തുള്ള തുറമുഖ വികസനത്തിനായി 330.26 കോടി രൂപയും, കടമത്ത് ദ്വീപിലെ കിഴക്കുഭാഗത്തെ തുറമുഖ വികസനത്തിന് 376.2 6 കോടി രൂപയും, അഗത്തി ദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്തെ ബീച്ചിന്റെ വികസനത്തിനും അനുബന്ധ റോഡ് നിർമ്മാണത്തിനുമായി 152.52 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. നിയമപരമായ അനുമതി ലഭിച്ചാൽ നിലവിലുള്ള മാനദണ്ഡങ്ങളും പുതുക്കിയ സാഗർ മാല ഫണ്ടിംഗ് മാർഗ്ഗനിർദേശങ്ങളും അനുസരിച്ച് പദ്ധതിയുടെ വിലയിരുത്തലിനും അംഗീകാരത്തിനുമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് ധനമന്ത്രാലയത്തെ സമീപിക്കാമെന്നും ഉത്തരവിൽ പറയുന്നു.
