ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാറാം പാർലമെന്റിൽ അവതരിപ്പിക്കും. ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവ്വേയിൽ ലക്ഷദ്വീപിന് പ്രത്യേക പരിഗണന നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2047 വരെയുള്ള അമൃത് കാൽ വിഷൻ വികസന പദ്ധതികളിൽ ആന്തമാൻ നിക്കോബാർ, ലക്ഷദ്വീപ് ദ്വീപുകളുടെ വികസനത്തിന് പ്രത്യേക ഊന്നൽ നൽകും.
മാരിടൈം ഇന്ത്യ വിഷൻ 2030-ന് കീഴിൽ ആന്തമാൻ നിക്കോബാർ, ലക്ഷദ്വീപ് ദ്വീപുകളിൽ ടൂറിസം ഉൾപ്പെടെയുള്ള മേഖലകളുടെ വികസനം മുഖ്യ അജണ്ടയാവും. തുടർന്ന് ഘട്ടംഘട്ടമായി മറ്റു മേഖലകളിലെ വികസനങ്ങളും ഈ പദ്ധതിക്ക് കീഴിൽ കൊണ്ടുവരാനാണ് കേന്ദ്രം ആലോചിക്കുന്നത് എന്ന് ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവ്വേയിൽ പറയുന്നു.
തുറമുഖ മേഖലയിലെ ഉയർന്നു വരുന്ന ആവശ്യങ്ങൾക്ക് അനുസൃതമായി തുറമുഖ പശ്ചാത്തല വികസന സൗകര്യങ്ങൾ മെച്ചപ്പെടുത്തും. ആന്തമാൻ ആന്റ് ലക്ഷദ്വീപ് ഹാർബർ വർക്സിന് കീഴിലാവും ഈ പ്രവർനങ്ങൾ നടക്കുക.
ആന്തമാൻ നിക്കോബാർ, ലക്ഷദ്വീപ് ദ്വീപുകൾക്ക് പുറമെ ഗുജറാത്തിനെയും ഉൾപ്പെടുത്തി അടുത്ത പത്തു വർഷത്തേക്കുള്ള വികസന പദ്ധതികൾക്ക് രൂപം നൽകും. ഇക്കോ ടൂറിസം, ഷിപ്പ് റിപ്പയർ, സീപ്ലെയിൻ ബ്വിൽഡിംഗ് ആന്റ് റിപ്പയർ, മാരിടൈം ട്രൈനിംഗ് ഇൻസ്റ്റിറ്റിയൂട്ട്, ഫ്രീ ട്രേഡ് സോണുകൾ, ബങ്കറിങ്ങ് ടെർമിനലുകൾ എന്നിവയാണ് ദ്വീപുകളിലെ അടുത്ത പത്തു വർഷത്തേക്കുള്ള വികസന പദ്ധതികളായി സാമ്പത്തിക സർവ്വേയിൽ പറയുന്നത്. ആദ്യ ഘട്ടത്തിൽ ആന്തമാൻ നിക്കോബാർ, ലക്ഷദ്വീപ് ദ്വീപുകൾക്ക് പുറമെ ഗുജറാത്തിലെയും തിരഞ്ഞെടുക്കപ്പെട്ട ദ്വീപുകളിലാവും ഈ പദ്ധതികൾ കൊണ്ടുവരിക. തുടർന്ന് മറ്റു ദ്വീപുകളിലേക്കും വ്യാപിപ്പിക്കും. ലക്ഷദ്വീപിൽ തുറമുഖ മേഖലയിലെ പശ്ചാത്തല സൗകര്യ വികസനത്തിനാവും പ്രഥമ പരിഗണന നൽകുക.