ന്യൂഡൽഹി: ലക്ഷദ്വീപിലെ ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥരും അസ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോടാ പട്ടേലും ഡൽഹിയിൽ. ലക്ഷദ്വീപുമായി ബന്ധപ്പെട്ട നിർണ്ണായകമായ തീരുമാനങ്ങൾക്ക് സാധ്യതയുള്ളതായി പൊതുവെ വിലയിരുത്തപ്പെടുന്നു.
വിവാദ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലും ചില വകുപ്പുകൾ കൈകാര്യം ചെയ്യുന്ന ഐ.എഎസ് ഉദ്യോഗസ്ഥരും ഒരേസമയം ഡൽഹിയിൽ എത്തുന്നു. പ്രഫുൽ പട്ടേൽ അമിത്ഷാ അടക്കമുള്ള കേന്ദ്ര മന്ത്രിമാരെ കണ്ടതായി പത്രവാർത്തകൾ വരുന്നു. ഏതോ വലിയ തീരുമാനം വരും എന്ന ആശങ്കയിലാണ് ലക്ഷദ്വീപ് ജനങ്ങൾ.
എൽ.ഡി.എ.ആർ, പാസാ (ഗുണ്ടാ ആക്ട്) അടക്കമുള്ള ജന വിരുദ്ധ നിയമങ്ങൾ അഭ്യന്തര മന്ത്രാലയത്തിൻ്റെ പരിഗണനയിൽ ഇരിക്കാൻ തുടങ്ങിയിട്ട് രണ്ട് വർഷത്തോളമായി. പണ്ടാരം ഭൂമി വിഷയത്തിൽ സർക്കാരും ജനങ്ങളും തമ്മിൽ നിയമ യുദ്ധത്തിലാണ്. ഈയിടെ കളക്ടർ ഇറക്കിയ ഓർഡറിൽ ആന്ത്രോത്ത്, കൽപ്പേനി, കവരത്തി, അഗത്തി, മിനിക്കോയ് എന്നീ അഞ്ചു ദ്വീപുകളിലും ഉള്ള ആകെ ഭൂമിയുടെ ഏതാണ്ട് അറുപത് ശതമാനത്തോളം വരുന്ന പണ്ടാര ഭൂമി സർക്കാറിൻ്റേതാണെന്നും അത് തിരിച്ചു പിടിക്കാൻ നീക്കങ്ങൾ നടത്തണമെന്നും അതത് ദ്വീപിലെ ഡെപ്യൂട്ടി കലക്ടർമാർക്ക് നിർദേശം നൽകുന്നുണ്ട്. ഇതിൻ്റെ പശ്ചാത്തലത്തിൽ ഒരുപാട് പെറ്റീഷനുകള്ളാണ് കേരളാ ഹൈക്കോടതിയിൽ ഫയൽ ചെയ്യപ്പെട്ടത്.
ലക്ഷദ്വീപിലെ വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ഡൽഹിയിൽ എത്തിയവരിൽ ലക്ഷദ്വീപുകാരായി ഒരാൾ പോലും ഇല്ല. പൊതുജനങ്ങൾക്ക് എന്താണ് ചർച്ച നടക്കുന്നത് എന്ന് പോലും അറിയാൻ ഒരു വഴിയുമില്ല.
ഡൽഹിയിലേക്കുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സന്ദർശനം പലപ്പോഴും ഉണ്ടാകാറുള്ളതാണെങ്കിലും ഈ നിർണ്ണായക ഘട്ടത്തിൽ വകുപ്പ് മേധാവികളുടെ സന്ദർശനം പ്രത്യേകിച്ചും പണ്ടാരം ഭൂമി വിഷയം ഇങ്ങനെ ചൂട് പിടിച്ചു നിൽക്കുന്ന ഈ സമയത്ത് ആശങ്കയുളവാക്കുന്നതാണ്.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ലക്ഷദ്വീപ് എം.പി അഡ്വ ഹംദുളളാ സഈദിന്റെ മുൻപിലുള്ള ഏറ്റവും വലിയ വെല്ലുവിളി ഇത്തരം ഒട്ടും സുതാര്യമല്ലാത്ത രീതിയിൽ നടത്തപ്പെടുന്ന തീരുമാനങ്ങൾ തന്നെയാണ്. വരും ദിവസങ്ങളിൽ ഈ ജനവിരുദ്ധ നിയമങ്ങൾ നടപ്പിലാകാത്തിരിക്കാൻ അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങൾ ലക്ഷദ്വീപിന്റെ ഭാവി നിർണയിക്കുന്നതിൽ വളരെ നിർണ്ണായകമാണ്.