കൊച്ചി: “പണ്ടാരം ഭൂമി തിരിച്ചുപിടിക്കാൻ അഡ്മിനിസ്ട്രേഷന് അധികാരമുണ്ട്” എന്ന് കാണിച്ച് ലക്ഷദ്വീപ് ജില്ലാ കളക്ടർ ശ്രീ. അർജുൻ മോഹൻ ഐ.എ.എസ് കേരളാ ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു. പണ്ടാരം ഭൂമിയുമായി ബന്ധപ്പെട്ട് ശ്രീമതി ഫാത്തിമ പി.പിയും മറ്റുള്ളവരും ചേർന്ന് നൽകിയ റിട്ട് പെറ്റീഷനിലാണ് ജില്ലാ കളക്ടർ എതിർ സത്യവാങ്മൂലം സമർപ്പിച്ചത്.
“പണ്ടാരം ഭൂമി ഉടമകൾക്ക് കൃഷിക്കും അനുബന്ധ പശ്ചാത്തല വികസനങ്ങൾക്കും മാത്രമാണ് അധികാരമുള്ളത്. പണ്ടാരം ഭൂമികൾ കൃഷിക്കും, വാസഗൃഹ നിർമ്മാണത്തിനും, വ്യവസായ/പൊതു സംരംഭങ്ങൾക്കുമായി വീതിച്ചു നൽകുവാൻ ജില്ലാ കളക്ടർക്കും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കും അധികാരമുണ്ട്. അതുകൊണ്ട് തന്നെ പണ്ടാരം ഭൂമിയിലെ നിർമ്മിതിക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകി ആ ഭൂമി തിരികെ ഏറ്റെടുക്കാനും, ആ ഭൂമി പൊതു ആവശ്യങ്ങൾക്കായി വിട്ടു നൽകാനും ലക്ഷദ്വീപ് ഭരണകൂടത്തിന് അധികാരമുണ്ട്” എന്നതുൾപ്പെടെയുള്ള വാദങ്ങളാണ് ജില്ലാ കളക്ടർ ഹൈക്കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ ഉള്ളത്.