കവരത്തി: പണ്ടാരം ഭൂമിയിൽ റവന്യൂ വകുപ്പ് നടത്തുന്ന സർവ്വേ നടപടികൾ തടയാൻ ലക്ഷദ്വീപ് എം.പി അഡ്വ ഹംദുള്ളാ സഈദ് ജനങ്ങളോടൊപ്പം നേരിട്ടെത്തി നേതൃത്വം നൽകി. ആകെ 32 സ്ക്വയർ കിലോമീറ്റർ മാത്രമുള്ള ലക്ഷദ്വീപിൽ 70,000 അധികം ജനങ്ങളുണ്ട്. ഈ ജനങ്ങളെ കൂട്ടത്തോടെ കുടിയിറക്കി വിട്ടിട്ട് എന്ത് വികസനമാണ് ലക്ഷദ്വീപ് ഭരണകൂടം ഉദ്ദേശിക്കുന്നത് എന്ന് ഹംദുള്ളാ സഈദ് ഉദ്യോഗസ്ഥരോട് ചോദിച്ചു. ഉദ്യോഗസ്ഥരോട് വ്യക്തിപരമായ വിരോധമില്ല എന്നും, ഭരണകൂടത്തിന്റെ നയത്തിനെതിരെയാണ് ഞങ്ങളുടെ പ്രതിഷേധം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തരവാദിത്തപ്പെട്ട ആളുകളെ ജനങ്ങളുടെ പ്രതിഷേധം അറിയിക്കണം എന്ന് ഉദ്യോഗസ്ഥരോട് അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടർ ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ എത്തിയത് എന്ന് പറഞ്ഞ ഉദ്യോഗസ്ഥരോട്, ഇപ്പോൾ തിരിച്ചു പോവണം എന്നും, താൻ ജില്ലാ കളക്ടറെ കണ്ട് സംസാരിക്കും എന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ജില്ലാ കളക്ടറുടെ ഓഫീസിൽ എത്തിയ ഹംദുള്ളാ സഈദ് ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച നടത്തി. സർവ്വേ നടപടികൾ നിർത്തിവെക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടതായി ഹംദുള്ളാ സഈദ് പിന്നീട് അറിയിച്ചു. ജില്ലാ കളക്ടറോട് ഇതിന് നിർദ്ദേശിച്ചത് ആരാണോ, അവരോട് തന്നെ, സർവ്വേ നടപടികളുമായി വന്നാൽ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന മുന്നറിയിപ്പ് ബോധ്യപ്പെടുത്തി തുടർനടപടികളിൽ നിന്നും പിൻമാറാൻ തയ്യാറാവണം എന്ന് കളക്ടറോട് പറഞ്ഞതായി ഹംദുള്ളാ സഈദ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here