കവരത്തി: “മാനസിക ആരോഗ്യം” എന്ന പ്രയോഗം അടുത്ത കാലത്തായി കൂടുതലായി കേട്ടുവരുന്ന ഒന്നായി മാറിയിരിക്കുന്നു. നമ്മൾ ഓരോരുത്തരും ഏതെങ്കിലും രീതിയിലുള്ള മാനസിക സമ്മർദ്ദളെ അഭിമുഖീകരിക്കുന്നവരാണ്. മാനസികമായി അത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോഴും പലപ്പോഴും അതിനു വേണ്ട പ്രതിവിധികൾ തേടുക നമ്മുടെ ദ്വീപുകളിൽ വിരളമാണ്. മാനസിക സമ്മർദ്ദളെ നേരിടുന്ന ഘട്ടത്തിൽ കൗൺസിലിംഗ് വഴി വലിയ ആശ്വാസവും ആത്മവിശ്വാസവും നേടിയെടുക്കാനാവും. കൗൺസിലർമാരും, സൈക്കോളജിസ്റ്റുകളും, സൈക്യാട്രിസ്റ്റുകളുമെല്ലാം ഉണ്ടെങ്കിലും നമ്മുടെ മാനസിക പ്രശ്നങ്ങളെ വേണ്ട രീതിയിൽ മറികടക്കാൻ അവരുടെ സഹായം തേടാൻ നമ്മുടെ അപകർഷതാ ബോധം നമ്മെ അനുവദിക്കാറില്ല. നമ്മൾ ഒരു സൈക്യാട്രിസ്റ്റിനെ സമീപിക്കുന്നത് മറ്റുള്ളവർ കണ്ടാൽ, അവർ നമ്മളെ പരിഹസിക്കുന്നതിന് അത് കാരണമാകും എന്ന ചിന്തയിൽ നമ്മൾ അതിൽ നിന്നും പിന്മാറുന്നതാണ് പതിവ്.
എന്നാൽ ഇനി മുതൽ ആ പരിഹാസങ്ങളെ കുറിച്ച് നമുക്ക് ആശങ്ക വേണ്ട. ദേശീയ ആരോഗ്യ മിഷന്റെ നേതൃത്വത്തിൽ നടന്നു വരുന്ന ടെലി മാനസ് പദ്ധതി നമ്മുടെ ലക്ഷദ്വീപിലും ലഭ്യമാണ്. നമ്മുടെ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ നമ്മുടെ മാനസിക സമ്മർദ്ദളെ മാനസികാരോഗ്യ വിദഗ്ധരുമായി സംവദിക്കാം. ടോൾ ഫ്രീ നമ്പരിലേക്ക് വിളിക്കുന്ന കോളുകളുടെ രഹസ്യാത്മകത പൂർണ്ണമായി ഉറപ്പു വരുത്തി കൊണ്ട് തന്നെ മാനസികാരോഗ്യ വിദഗ്ധർ നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കും. 14416 എന്ന ടോൾ ഫ്രീ നമ്പരിൽ വിളിക്കുമ്പോൾ ആദ്യം ഭാഷ തിരഞ്ഞെടുക്കണം. മലയാളത്തിനായി നിങ്ങളുടെ ഫോണിൽ ‘3’ എന്ന് അമർത്തുക. കേരളത്തിലും ലക്ഷദ്വീപിലുമാണ് മലയാളം ഭാഷ ലഭ്യമായിട്ടുള്ളത്. ലക്ഷദ്വീപ് തിരഞ്ഞെടുക്കാൻ വീണ്ടും ‘2’ എന്ന നമ്പർ അമർത്തുക. തുടർന്ന് കവരത്തിയിലെ ടെലി മാനസ് കൗൺസിലിംഗ് സെല്ലിന്റെ ഉദ്യോഗസ്ഥരുമായി നമുക്ക് സംസാരിക്കാം. സൈക്യാട്രിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കേഴ്സ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, കൗൺസിലർമാർ എന്നിവരടങ്ങിയ വിപുലമായ ഒരു ടീമാണ് ടെലി മാനസ് സെല്ലിൽ പ്രവർത്തിക്കുന്നത്. തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ടെലി മാനസ് സേവനം ലഭ്യമാണ്. കൗൺസിലർമാരാണ് കാളുകൾ ആദ്യം അറ്റന്റ് ചെയ്യുക. തുടർന്ന് ആവശ്യാനുസരണം മറ്റു മുതിർന്ന ഉദ്യോഗസ്ഥരിലേക്ക് കാൾ കണക്ട് ചെയ്ത് നൽകും. കാൾ റെക്കോർഡ് ചെയ്യുകയോ, വിളിക്കുന്നവരുടെ വ്യക്തിപരമായ വിവരങ്ങളൾ പരസ്യപ്പെടുത്തുകയോ ചെയ്യില്ല. വിളിക്കുന്നവരുടെ രഹസ്യാത്മകത പൂർണ്ണമായി ഉറപ്പു വരുത്തും.
ശാരീരിക ആരോഗ്യത്തെപ്പോലെ തന്നെ പ്രധാനമാണ് നമ്മുടെ മാനസിക ആരോഗ്യവും. ദീർഘ കാലത്തെ പരിശ്രമങ്ങൾക്ക് ശേഷവും പ്രവേശന പരീക്ഷകളിലും മറ്റും തിരിച്ചടി നേരിട്ട ഒരുപാട് വിദ്യാർത്ഥികൾ നമുക്ക് ചുറ്റുമുണ്ട്. അത്തരം കുട്ടികൾ ഉൾപ്പെടെ നമ്മളിൽ പലരും മാനസിക സമ്മർദ്ദളെ നേരിടുന്നവരാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെയോ, കുടുംബത്തിന്റെയോ ഇത്തരം മാനസികാരോഗ്യപരമായ കാര്യങ്ങളിൽ വിദഗ്ധരുടെ സഹായം ആവശ്യമാണെന്ന് തോന്നുന്നുണ്ടെങ്കിൽ ഇപ്പോൾത്തന്നെ 14416 എന്ന നമ്പറിലേക്ക് വിളിക്കൂ. ദേശീയ ആരോഗ്യ മിഷന്റെ കീഴിൽ ലക്ഷദ്വീപുകാർക്ക് വേണ്ടി ഒരുക്കിയ വിപുലമായ ടെലി കൗൺസിലിംഗ് സൗകര്യങ്ങൾ ഉപയോഗപ്പെടുത്തൂ.