
ആന്ത്രോത്ത്: നീണ്ട 36 വർഷത്തെ ഔദ്യാഗിക ജീവിതത്തിൽ നിന്നും പടിയിറങ്ങി ആന്ത്രോത്ത് ദ്വീപ് സ്വദേശിയും കായികാധ്യാപകനുമായ ബി. ജലാലുദ്ദീൻ. 1990 മുതൽ 2023 വരെയുള്ള ലക്ഷദ്വീപ് സ്കൂൾ ഗെയിംസിന്റെ എല്ലാ സീസണിലും കായികാധ്യാപകനായോ, ടീം മാനേജറായോ, സംഘാടകനായോ അദ്ദേഹം നിറഞ്ഞു നിന്നിരുന്നു. ഇനിയുള്ള എൽ.എസ്.ജികളിൽ ഊർജ്ജസ്വലനായ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാവില്ല. എസ്.ജി.എഫ്.ഐ എന്ന ലക്ഷദ്വീപ് സ്കൂൾ കായികമേളയുടെ പഴയ ഫോർമാറ്റിൽ നിന്നും എൽ.എസ്.ജി എന്ന് പുതുതായി പേര് മാറ്റം നൽകുന്നതിലും ജലാലുദ്ദീൻ സാറിന്റെ കയ്യൊപ്പുകൾ ഉണ്ടായിരുന്നു. ബി.എ ഹിസ്റ്ററി പൂർത്തിയാക്കി നാട്ടിലെത്തിയ അദ്ദേഹത്തിന് മുന്നിൽ എൺപതുകളുടെ അവസാനത്തിൽ അവസരങ്ങൾ ഏറെയായിരുന്നു. പക്ഷെ, കായിക രംഗത്തോടുള്ള അഭിനിവേശം കണ്ണഞ്ചിപ്പിക്കുന്ന ഔദ്യോഗിക പദവികളിൽ നിന്നും അദ്ദേഹത്തെ മുഖം തിരിച്ചു നിർത്തി. കായിക അധ്യാപനം തിരഞ്ഞെടുക്കാനായി ബി.പി.എഡ്, എം.പി.എഡ്, എം.ഫിൽ എന്നിവ പൂർത്തിയാക്കി ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചറായി ജോലിയിൽ പ്രവേശിച്ചു. പിന്നീടങ്ങോട്ട് നീണ്ട 36 വർഷത്തെ ജീവിതവും അയാൾ ജീവിച്ചു തീർത്തത് കളിക്കളങ്ങളിലെ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ വേണ്ടിയാണ്. സമകാലീനരായ സഹപ്രവർത്തകർ പലരും ഇന്ന് ഉയർന്ന പദവികളിൽ എത്തി വിരമിക്കുമ്പോഴും ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ എന്ന തന്റെ ഇഷ്ട ജോലിയിൽ നിന്നുമാണ് അദ്ദേഹം വിരമിക്കുന്നത്.
റിട്ടയർമെന്റ് ജീവിതത്തിലേക്ക് കടക്കുന്ന അദ്ദേഹത്തിന് വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് യാത്രയയപ്പ് നൽകി. ഇ.കെ ഹനീഫാ മാസ്റ്റർ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് എന്നും താങ്ങും തണലുമായി കൂടെ നിന്ന പി.എ ഹാജറോമ്മാബി ടീച്ചറാണ് ജീവിത പങ്കാളി. വിദേശ സർവകലാശാലയിൽ നിന്നും പഠനം പൂർത്തിയാക്കിയ ഹീന ജലാലും, മുഹമ്മദ് ജാസിബ് ജലാലും മക്കളാണ്.
