അമിനി: അമിനി തെക്കു ഭാഗത്തുള്ള ഗവൺമെന്റ് സീനിയർ ബേസിക് സ്കൂളിലെ 8(ഡി) ക്ലാസ്സിൽ പ്ലാസ്റ്റ്രോപാരിസ് ഉപയോഗിച്ച് പണിത മേൽതട്ട് തകർന്ന് താഴേക്ക് വീണു. തലനാരിഴയ്ക്കാണ് വിദ്യാർത്ഥികൾ രക്ഷപ്പെട്ടത്. മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ മുകളിലെ നിലയിലാണ് 8 (ഡി) ക്ലാസ്സ് പ്രവർത്തിക്കുന്നത്. താരതമ്യേന പുതിയ കെട്ടിടത്തിന്റെ മുകളിലെ നിലയിൽ ഷീറ്റ് കൊണ്ടുള്ള മേൽകൂരയാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിന് താഴെയാണ് പ്ലാസ്റ്റ്രോപാരിസ് കൊണ്ട് മേൽതട്ട് നിർമ്മിച്ചിരിക്കുന്നത്. വളരെ ഗുണനിലവാരം കുറഞ്ഞ നിലയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ ചെയ്തിരിക്കുന്നത് എന്ന് നാട്ടുകാർ പറയുന്നു. നേരത്തെയും ഇതേരീതിയിൽ മേൽത്തട്ട് പൊളിഞ്ഞു വീഴുന്ന സംഭവം ഉണ്ടായിട്ടും സ്കൂളിന്റെ ഭാഗത്ത് നിന്നോ, പൊതു മരാമത്ത് വകുപ്പിന്റെ ഭാഗത്ത് നിന്നോ അന്വേഷണമോ, കുറ്റക്കാരായ കരാറുകാർക്കെതിരെ നടപടിയോ ഉണ്ടായിട്ടില്ല. പിഞ്ചു കുട്ടികളെ എന്ത് വിശ്വാസത്തിലാണ് വീണ്ടും ഇതേ ക്ലാസ്സുകളിലേക്ക് പറഞ്ഞയക്കുക എന്ന് രക്ഷിതാക്കൾ ചോദിച്ചു. നിർമ്മാണ സമയത്ത് നടന്ന ഈ ഗുരുതരമായ വീഴ്ചയിൽ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്നും ആവശ്യമായ അന്വേഷണം നടത്തി കരാറുകാർ ഉൾപ്പെടെ കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here