അഗത്തി: അഗത്തിയിൽ മർച്ചന്റ്സ് അസോസിയേഷനും ലോഡിംഗ് തൊഴിലാളികളും തമ്മിൽ യാതൊരു പ്രശ്നങ്ങളുമില്ല എന്നും കപ്പൽ രാത്രി വൈകി എത്തിയതിനാലാണ് കാർഗോ ഇറക്കാനാവാത്തത് എന്നും അഗത്തിയിലെ ലോഡിംഗ് തൊഴിലാളികളും മർച്ചന്റ്സ് അസോസിയേഷൻ അംഗങ്ങളും അറിയിച്ചു. ഇന്നലെ അറേബ്യൻ സീ കപ്പൽ അഗത്തിയിൽ കുടുങ്ങിയത് മർച്ചന്റ്സ് അസോസിയേഷനും ലോഡിംഗ് തൊഴിലാളികളും തമ്മിലുള്ള തർക്കത്തെ തുടർന്നാണെന്ന് മലയാളത്തിലെ പ്രമുഖ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഇതേ തുടർന്ന് കപ്പലിലുള്ള യാത്രക്കാരെ ബന്ധപ്പെട്ടപ്പോൾ ദ്വീപ് മലയാളി റിപ്പോർട്ടർക്കും അങ്ങനെയുള്ള വിവരങ്ങളാണ് ലഭിച്ചത്. ഞങ്ങളുടെ ജാഗ്രതക്കുറവ് മൂലം തെറ്റായ രീതിയിലുള്ള വാർത്ത നൽകിയതിൽ ഞങ്ങൾ നിർവ്യാജം ഖേദിക്കുന്നു.

ഞായറാഴ്ച രാത്രി വൈകിയാണ് അറേബ്യൻ സീ കപ്പൽ അഗത്തിയിൽ എത്തിയത്. രാത്രി വൈകി കാർഗോ ഇറക്കിയാൽ മാർക്കിന് അനുസരിച്ച് കാർഗോ വേർതിരിച്ചു നൽകുന്നതിന് ബുദ്ധിമുട്ടുണ്ടാവും. അതുകൊണ്ട് തന്നെ തിങ്കളാഴ്ച രാവിലെ കാർഗോ ഇറക്കിയാൽ മതി എന്ന് ലോഡിംഗ് തൊഴിലാളികളോട് മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ രാവിലെ കാർഗോ ഇറക്കാൻ തുടങ്ങുമ്പോൾ മറ്റു ദ്വീപുകളിലേക്കുള്ള യാത്രക്കാരിൽ ചിലർ അവർക്ക് നാട്ടിൽ എത്താൻ വൈകുമെന്ന കാരണം പറഞ്ഞ് കാർഗോ ഇറക്കുന്നതിന് തടസ്സം ഉണ്ടാക്കാൻ ശ്രമിച്ചു. ഇതിനെ തുടർന്നാണ് കാർഗോ ഇറക്കുന്നതിൽ കാലതാമസം ഉണ്ടായത് എന്ന് ലോഡിംഗ് തൊഴിലാളികൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here