കൊച്ചി: കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്ക് യാത്രക്കാരുമായി പോയ കപ്പൽ അഗത്തിയിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന ശേഷം ഇന്ന് വൈകിട്ട് കൽപ്പേനിയിലേക്ക് പുറപ്പെട്ടു. ഇന്നലെ രാത്രി 10.30 നാണ് കപ്പൽ അഗത്തിയിലെത്തിയത്. ചരക്ക് ഇറക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് യാത്ര വൈകിപ്പിച്ചത്. മർച്ചന്‍റ് യൂണിയനും അണ്‍‌ലോഡിങ് കോണ്‍ട്രാക്ടർമാരും ചരക്കിറക്കുന്നത് വൈകിപ്പിക്കുകയായിരുന്നു എന്ന് യാത്രക്കാർ പറഞ്ഞു. ജൂണ്‍ 15ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട എം.വി അറേബ്യൻ എന്ന യാത്ര കപ്പലാണ് അഗത്തിയിൽ മണിക്കൂറുകളോളം പിടിച്ചിട്ടത്. 16ന് കവരത്തിയിലെത്തി. കവരത്തിയിലേക്കുള്ള യാത്രക്കാരെ ഇറക്കിയ കപ്പൽ രാത്രി 10.30 നാണ് അഗത്തിയിലെത്തിയത്.

തിങ്കളാഴ്ച രാവിലെ കൽപ്പേനിയിൽ എത്തേണ്ടതായിരുന്നു. കപ്പലിൽ രോഗികളടക്കം 220 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കൽപേനി, അന്ത്രോത്ത് ദ്വീപുകളിലേക്ക് പോകാനുളളവരാണ് കുടുങ്ങിയത്.

ചരക്ക് ഇറക്കാതെ കപ്പലിന് യാത്ര തുടരാനാവില്ല എന്നതാണ് പ്രതിസന്ധിക്ക് കാരണമായത്.. യാത്രക്കാർ പ്രതിഷേധിച്ചതോടെ പോർട്ട്‌ അതോറിറ്റി ഉദ്യോഗസ്ഥർ കപ്പലിലെത്തി യാത്രക്കാരുമായും യൂണിയൻ പ്രതിനിധികളുമായും ചർച്ച നടത്തിയിരുന്നു. ഇതേ തുടർന്നാണ് ചരക്ക് ഇറക്കി യാത്ര തുടരാനായത് എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് 7.12-ന് അഗത്തിയിൽ നിന്നും പുറപ്പെട്ട കപ്പൽ ചൊവ്വാഴ്ച പുലർച്ചെ 2.30-ന് കൽപ്പേനി ദ്വീപിൽ എത്തിച്ചേരും. കൽപ്പേനി, ആന്ത്രോത്ത് ദ്വീപുകളൾ കവർ ചെയ്ത ശേഷം ബുധനാഴ്ച രാവിലെ കപ്പൽ കൊച്ചിയിൽ എത്തിച്ചേരും.

കടപ്പാട് : ഏഷ്യാനെറ്റ്‌ ന്യൂസ്‌ 

LEAVE A REPLY

Please enter your comment!
Please enter your name here