എറണാകുളം: ലോകസഭാ തെരഞ്ഞെടുപ്പിൽ ലക്ഷദ്വീപ് നിയോജക മണ്ഡലത്തിൽ നിന്നും ഉജ്ജ്വല വിജയം നേടിയ നിയുക്ത എം.പി അഡ്വ: ഹംദുള്ളാ സഈദിനു നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ഗാന്ധി നഗറിലെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും സ്വീകരണം നൽകി.

ലക്ഷദ്വീപിലെ സർവ്വ മേഖലകളിലും കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിരിക്കുന്ന നാശനഷ്ടങ്ങളും ദുരിതങ്ങളും പരിഹരിക്കുന്നതിനായി ജനങ്ങൾക്ക് ഒപ്പം നിന്ന് പോരാടുകയാണ് തൻ്റെ പ്രഥമ ദൗത്യമെന്നും ലക്ഷദ്വീപ് ജനത കോൺഗ്രസിന് നൽകിയ ഈ ചരിത്ര വിജയത്തിന് വികസന നേട്ടങ്ങൾ കൊണ്ടായിരിക്കും നന്ദി പ്രകാശിപ്പിക്കുകയെന്നും സ്വീകരണ യോഗത്തിൽ ഹംദുള്ളാ സഈദ് പറഞ്ഞു.

ഡൽഹിയിലെ സത്യപ്രതിജ്ഞ ചടങ്ങിനു ശേഷം തിരികെ എത്തിയാൽ ലക്ഷദ്വീപ് ഭരണകൂടത്തിലെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് പരിശോധിക്കുകയും വിവിധ ദ്വീപുകളിൽ സന്ദർശനം നടത്തി കൂടുതൽ വിഷയങ്ങളിൽ പരിഹാരം കാണാൻ ശ്രമിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദ്വീപിലെ ജനങ്ങൾ ഗതാഗത, ആരോഗ്യ, തൊഴിൽ മേഖലകളിലെല്ലാം വലിയ പ്രതിസന്ധികളാണ് ഇപ്പൊൾ നേരിടുന്നത്. അതിൽ മാറ്റം വരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കും.

ലക്ഷദ്വീപ് ജനതയുടെ പ്രതിസന്ധികാലത്ത് പിന്തുണ നൽകിയ കേരള ജനതയ്ക്കും, മാധ്യമങ്ങൾക്കും പൊതുപ്രവർത്തകർക്കും ദ്വീപ് ജനതയുടെ പ്രതിനിധി എന്ന നിലയിൽ നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷദ്വീപ് കോൺഗ്രസിൻറെ മുതിർന്ന നേതാക്കന്മാർ, യൂത്ത് കോൺഗ്രസ്, എൻ.എസ്.യു.ഐ ഭാരവാഹികൾ, വിവിധ ആവശ്യങ്ങൾക്കായി വൻകരയിലെത്തിയ ദീപു നിവാസികളും സ്വീകരണ പരിപാടിയിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here