കൊച്ചി: ഭക്ഷ്യ വിതരണ രംഗത്ത് വിപ്ലവകരമായ മുന്നേറ്റത്തിന് തുടക്കം കുറിക്കാൻ ലക്ഷദ്വീപിന്റെ സ്വന്തം ബ്രാൻഡ് വരുന്നു. “നാഹൂസ്” എന്ന് പേരിട്ടിരിക്കുന്ന ബ്രാൻഡിനു കീഴിൽ ആദ്യ ഉൽപ്പന്നമായ നാഹൂസ് ഐസ്ക്രീം പുറത്തിറങ്ങി. ബ്രാൻഡിന്റെ ഔദ്യോഗിക ഉദ്ഘാടനവും, ലോഗോ പ്രകാശനവും നാഹൂസ് ഫൗണ്ടർ നാഹിദ് ഖാൻ, ഹെലൻ കെല്ലർ അവാർഡ് ജേതാവ് ഉമ്മർ ഫാറൂഖ് എന്നിവരുടെ സാന്നിധ്യത്തിൽ പാണക്കാട് സയ്യിദ് മുനവ്വർ അലി ഷിഹാബ് തങ്ങൾ നിർവഹിച്ചു.
ഗുണമേന്മയിൽ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ ഏറ്റവും മികച്ച ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് നാഹൂസ് ബ്രാൻഡ് ലക്ഷ്യമിടുന്നത് എന്ന് ശ്രീ.നാഹിദ് ഖാൻ ദ്വീപ് മലയാളിയോട് പറഞ്ഞു. ഇപ്പോൾ ഐസ്ക്രീം ആണ് നാഹൂസ് വിപണിയിൽ എത്തിക്കുന്നത്. ഭാവിയിൽ അരിപ്പൊടി, റവ, പുട്ടുപൊടി തുടങ്ങി ജനങ്ങൾക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കൾ ഏറ്റവും മികച്ച ഗുണനിലവാരത്തോടെ വിപണിയിൽ എത്തിക്കാണ് ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും മികച്ച ഗുണനിലവാരത്തോടെയും എന്നാൽ ലക്ഷദ്വീപിലെ ജനങ്ങൾക്ക് ചെറിയ രൂപത്തിലെങ്കിലും വിലകുറച്ച് ഭക്ഷ്യ ഉല്പന്നങ്ങൾ എത്തിക്കാനാണ് ആഗ്രഹിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.