കവരത്തി: 2024 ലോകസഭാ തിരഞ്ഞെടുപ്പിൽ സി.പി.ഐ ഇന്ത്യമുന്നണിയുടെ ഭാഗമായതിനാൽ ഇന്ത്യയിലെ ഒരുപാട് സ്ഥലങ്ങളിൽ എന്ന പോലെ ലക്ഷദ്വീപിലും സ്ഥാനാർത്ഥിയെ നിയോഗിക്കുന്നില്ല എന്നും, ആയതിനാൽ സി.പി.ഐയുടെ പിന്തുണ എൻ.സി.പി(എസ്) സ്ഥാനാർഥി മുഹമ്മദ് ഫൈസലിന് നൽകുന്നതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.ടി നജ്മുദ്ദീൻ പ്രസ്താവനയിൽ വ്യക്തമാക്കി.
സി.പി.ഐയുടെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും പിന്തുണ വേണമെന്ന് ഔദ്യോഗീകമായി ആവശ്യപ്പെട്ട എൻ.സി.പി (എസ്) സ്ഥാനാർഥി മുഹമ്മദ് ഫൈസലിന് സിപിഐ ലക്ഷദ്വീപ് ഘടകത്തിന്റെ പിന്തുണ ഈ തിരഞ്ഞെടുപ്പിൽ പ്രഖ്യാപിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സി.പി.ഐ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ലക്ഷദ്വീപിന്റെ സംസ്ഥാന പദവിയെ ഉൾക്കൊള്ളുന്ന ഒരു സ്ഥാനാർഥി എന്ന നിലയിലും, പാർലമെന്റിൽ എം.പി ചോദിക്കേണ്ട ചോദ്യങ്ങളിൽ ഒരു ശതമാനം സി.പി.ഐ ആവശ്യപ്പെടുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്താൻ തയ്യാറാവണമെന്ന ആവശ്യം അംഗീകരിക്കാൻ തയ്യാറായ ഒരു സ്ഥാനാർഥി എന്ന നിലയിലും, വരുന്ന പഞ്ചായത്ത് ഉൾപ്പടെയുള്ള തിരഞ്ഞെടുപ്പുകളിലുള്ള ഇടതുപക്ഷ സൗഹൃദ മുന്നണിയുടെ കൂടെ നിൽക്കാൻ തയ്യാറായ ഒരു സ്ഥാനാർത്ഥി എന്ന നിലയിലുമെല്ലാം രാഷ്ട്രീയപരമായി ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കാൻ ശ്രമിക്കുന്ന ശ്രി.മുഹമ്മദ് ഫൈസലിന്റെ കാഹളം അടയാളത്തിൽ എല്ലാ സഖാക്കളും ഈ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തണമെന്ന് സിപിഐ സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിക്കുന്നതായി അദ്ദേഹം പ്രസ്താവിച്ചു.