ആന്ത്രോത്ത്: ഇന്നലെ പകൽ വേലിയേറ്റത്തിൽ മാലിന്യങ്ങൾ കയറി മൂല ബീച്ച് വൃത്തിഹീനമായിരുന്നു. വൈകുന്നേരങ്ങളിൽ സമയം ചിലവഴിക്കാൻ നൂറുകണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്. എന്നാൽ ഇന്നലെ വൈകുന്നേരം ബീച്ചിൽ എത്തിയപ്പോൾ കണ്ണിന് കുളിർമയേകുന്ന കാഴ്ചയാണ് കണ്ടത്. രാത്രി കാലങ്ങളിൽ ബീച്ചിൽ ഫുഡ്ബോൾ കളിക്കാനും മറ്റും എത്തുന്ന ഒരു പറ്റം ചെറുപ്പക്കാർ ആരുടെയും പ്രേരണയില്ലാതെ സ്വമേധയാ ബീച്ചിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ ശേഖരിച്ച് കരക്കെത്തിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ചു ശേഖരിക്കാനും അവർ മറന്നില്ല.
നബീൽ, തിഹാം എന്നിവരാണ് ആദ്യം മാലിന്യങ്ങൾ വൃത്തിയാക്കാൻ ആരംഭിച്ചത്. തുടർന്ന് അവരോടൊപ്പം ഹാഷിം, റഈസ്, ബിലാൽ, സിനാൻ എന്നിവരും ചേർന്നതോടെ മൂല ബീച്ചിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ അപ്രത്യക്ഷമായി. മുതിർന്ന ആളുകൾ പലരും ഇത്തരം നന്മയുള്ള പ്രവർത്തനങ്ങളോട് മുഖം തിരിഞ്ഞ് നിൽക്കുന്ന ഈ കാലത്ത്, ആരുടെയും പ്രേരണയില്ലാതെ സ്വമേധയാ മൂല ബീച്ച് ശുചീകരണം ഏറ്റെടുത്ത ചെറുപ്പക്കാർ മാതൃകയായി.