കവരത്തി: പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിൽ ലക്ഷദ്വീപ് ലോക്സഭാ മണ്ഡലത്തിലെ നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. ഇന്ത്യൻ നാഷനൽ കോൺഗ്രസ് സ്ഥാനാർഥിയായി മുഹമ്മദ് ഹംദുള്ളാ സഈദ് “കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കും. എൻ.സി.പി ശരത് ചന്ദ്ര പവാർ പക്ഷം സ്ഥാനാർഥിയായി നിലവിലെ എം.പി പി.പി മുഹമ്മദ് ഫൈസൽ ജനവിധി തേടും. “കാഹളം മുഴക്കുന്ന മനുഷ്യൻ” ആണ് മുഹമ്മദ് ഫൈസലിന്റെ ചിഹ്നം. എൻ.സി.പി അജിത് പവാർ പക്ഷത്തിന്റെ ടിക്കറ്റിൽ കടമത്ത് ദ്വീപ് സ്വദേശി യൂസഫ് ടി.പി “ഘടികാരം” ചിഹ്നത്തിൽ മത്സരിക്കും. സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദ്ദേശപത്രിക സമർപ്പിച്ച കൽപ്പേനി ദ്വീപ് സ്വദേശി കോയക്ക് “കപ്പൽ” ചിഹ്നമാണ് അനുവദിച്ചത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച ജെ.ഡി.യു, സി.പി.ഐ(എം), സി.പി.ഐ എന്നീ പാർട്ടികൾ ഇക്കുറി മത്സരിക്കുന്നില്ല. ബി.ജെ.പി പിന്തുണയോടെയാണ് യൂസഫ്.ടി.പി മത്സരിക്കുന്നത്. തിരഞ്ഞെടുപ്പ് ജയപരാജയങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന വോട്ടുകൾ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചെറു പാർട്ടികൾ നേടിയിരുന്നു. എന്നാൽ ഇക്കുറി ബി.ജെ.പി പിന്തുണയൊടെ മത്സരിക്കുന്ന എൻ.സി.പി അജിത് പവാർ പക്ഷം സ്ഥാനാർഥി യൂസഫ്.ടി.പി പിടിക്കീന്ന വോട്ടുകൾ തിരഞ്ഞെടുപ്പ് വിജയത്തെ സ്വാധീനിക്കാൻ സാദ്ധ്യതയില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്