ന്യൂഡൽഹി: ആസന്നമായ ലോകസഭാ തിരഞ്ഞെടുപ്പിൽ ലക്ഷദ്വീപിലെ എൻ.സി.പി അജിത് പവാർ പക്ഷം സ്ഥാനാർഥി യൂസഫ്.ടി.പിക്ക് പാർട്ടി ചിഹ്നമായ ഘടികാരം അനുവദിക്കില്ല. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നിർണായകമായ തീരുമാനം. എൻ.സി.പിയുടെ ഘടികാരം ചിഹ്നത്തിൽ കണ്ണുംനട്ട് താമര ചിഹ്നം ഒഴിവാക്കി ബി.ജെ.പി നടത്തിയ ചരടുവലികൾ വെറുതെയായതൊടെ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി.

നിലവിലെ എം.പി പി.പി മുഹമ്മദ് ഫൈസൽ കഴിഞ്ഞ രണ്ടു തവണയും എൻ.സി.പി ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചത് ഘടികാരം ചിഹ്നത്തിലാണ്. എന്നാൽ ദേശീയ തലത്തിൽ എൻ.സി.പി പിളർന്നതോടെ എൻ.സി.പി അജിത് പവാർ പക്ഷത്തിനാണ് ഔദ്യോഗിക പാർട്ടി പേരും ചിഹ്നവും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചത്. എന്നാൽ ലക്ഷദ്വീപിലെ എൻ.സി.പി പൂർണമായും ശരത് പവാറിനൊപ്പം ഉറച്ചു നിൽക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ബി.ജെ.പി അവരുടെ താമര ചിഹ്നത്തിൽ മത്സരിക്കാതെ എൻ.സി.പി അജിത് പവാർ പക്ഷത്തിന്റെ ടിക്കറ്റിൽ കടമത്ത് ദ്വീപ് സ്വദേശിയായ യൂസഫ്.ടി.പിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. ലക്ഷദ്വീപിലെ ഭൂരിഭാഗം വോട്ടർമാർക്കും ഏറെ വൈകാരികമായ ചിഹ്നമായതിനാൽ ചിഹ്നം മാറി ലഭിക്കുന്ന വോട്ടുകളിൽ കണ്ണുംനെട്ട് ബി.ജെ.പി നടത്തിയ ചരടുവലികളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തോടെ പാളിയത്.

നിലവിൽ ഘടികാരം ചിഹ്നം എൻ.സി.പി അജിത് പവാർ പക്ഷത്തിനാണ് നൽകിയിരിക്കുന്നത് എങ്കിലും തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മൂന്ന് ദിവസം മുൻപെങ്കിലും ചിഹ്നത്തിനായി അപേക്ഷ സമർപ്പിക്കണം. ഈ മാസം 20-നാണ് ലക്ഷദ്വീപിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്. മാർച്ച് 24-നാണ് ചിഹ്നം അനുവദിക്കണം എന്ന അപേക്ഷ എൻ.സി.പി അജിത് പവാർ പക്ഷം നൽകിയത്. സാങ്കേതികമായി വന്ന അബദ്ധമാണ് അവർക്ക് ലക്ഷദ്വീപിൽ തിരിച്ചടിയായത്. എന്നാൽ രണ്ടാം ഘട്ടം തിരഞ്ഞെടുപ്പ് മുതൽ അജിത് പവാർ പക്ഷത്തിന്റെ മറ്റു സ്ഥാനാർഥികൾക്ക് ഘടികാരം ചിഹ്നം അനുവദിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here