കിൽത്താൻ: ശംഊൻ ഫൈസി ഉസ്താദ് മദീനയിൽ വഫാത്തായി. ഉസ്താദിൻ്റെ വഫാത്ത് ചെറിയ പൊന്നാനിയിലെ നികത്താൻ ആവാത്ത നഷ്ടമാണ്. നീണ്ട കാലം ചെറിയ പൊന്നാനി എന്ന പേരിൽ അറിയപ്പെടുന്ന ലക്ഷദ്വീപിലെ ആത്മീയ കേന്ദ്രമായ കിൽത്താൻ ദ്വീപിൻ്റെ ഖാസിയായി സേവനം അനുഷ്ഠിച്ച ബഹുമാന്യനായ ഖാസി ശംഊൻ ഫൈസി ഉസ്താദ് മദീനയിൽ വെച്ച് വഫാത്തായിരിക്കുന്ന വേദനാജനകമായ വാർത്തയാണ് നമ്മിലേക്ക് എത്തിയത്. ലക്ഷദ്വീപിന് ഒരു ആത്മീയ സൂര്യൻ കൂടി നഷ്ടമാവുകയാണ്. എന്തിനും ഏതിനും കൂടെ നിന്ന് ഉപദേശ നിർദേശങ്ങൾ നൽകി കിൽത്താൻ ദ്വീപ് ജനതയുടെ ആത്മീയ മനം കവർന്ന നേതാവായിരുന്നു ഉസ്താദ്. കിൽത്താൻ ദ്വീപുകാരെയും കിൽത്തനിൽ എത്തുന്ന അന്യ നാട്ടുകാരെയും ആത്മീയമായി സംശുദ്ധീകരിക്കുന്നതിൽ ഉസ്താദിന് വല്യ പങ്കുണ്ടായിരുന്നു. കേവലം ഒരു ഉസ്താദ് മാത്രമല്ലായിരുന്നു. നവോഥാന മുന്നേറ്റങ്ങളിൽ ചുക്കാൻ പിടിക്കാൻ മുന്നിൽ നിന്ന ആളും കൂടെയായിരുന്നു ശംഊൻ ഫൈസി. തൻ്റെ ജനതയെ കാലത്തിന് അനുസരിച്ച് സംശുദ്ധീകരിക്കാനും മതത്തിലെ അനാചാരങ്ങളെത്തൊട്ട് നിയന്ത്രിക്കാനും ഉസ്താദ് സദാ ശ്രമിച്ച് കൊണ്ടിരിന്നു. സമൂഹത്തിൽ നടമാടുന്ന ആനാചാരങ്ങളും, ആത്മീയ ചൂഷണവും ഉസ്താദ് തുറന്ന് കാട്ടുകയും ജനങ്ങളെ ബോധവന്മാരാക്കി അത് തടയാൻ ശ്രമിക്കുകയും ചെയ്തിരുന്നു. തൻ്റെ ഖാസി സ്ഥാനം അലങ്കരിച്ച കാലയളവിനിടക്ക് നാട്ടിലെ എല്ലാ പ്രശ്നങ്ങളും രമ്യമായി പരിഹരിക്കുകയും നാട്ടിൽ മതത്തിൻ്റെ പേരിൽ കലഹങ്ങൾ ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തിരുന്നു. മഹാനായ ശൈഖുനാ ബിയ്യ കോയാ ഉസ്താദിൻ്റെ വഫാത്തിൻ്റെ വേദനപോലും മായാതെ നിൽക്കുന്നതിനിടക്കാണ് വീണ്ടും ഇടിമുഴക്കം പോലെ കിൽത്താന് തീരാനഷ്ടം വരുത്തി മഹാനായ ഖാസി ഉസ്താദ് റബ്ബിന്റെ വിളിക്കുത്തരം നൽകി യാത്രയാവുന്നത്. സത്യത്തിൽ കലങ്ങിയ കണ്ണുമായി നിസഹായതയോടെ ഇനിയന്ത് എന്ന് ചോദിച്ച് നിൽപ്പാണ് ആ നാട്ടുകാർ.

ആത്മീയമായി വഴി തെളിക്കാൻ കിൽത്താൻ ദ്വീപിന്റെ മണ്ണിൽ നിന്ന് തന്നെയാണ് ഗുലാം മുഹമ്മദ് നഖ്ശബന്ധി (ഖു:സ) പിറവി എടുത്തത് , അവിടെ നിന്ന് തന്നെയാണ് സമസ്തയുടെ ഉപാദ്യക്ഷനായിരുന്ന ശൈഖുനാ ബിയ്യ കോയാ ഉസ്താദ് പിറവി എടുത്തത്, ഖാസിം വലിയുള്ളാഹി (ഖു.സ) ൻ്റെ കാലം മുതൽ അദ്ദേഹത്തിൻ്റെ മക്കളും പേരമക്കളുമായ അഹ്‌ലുബൈത്തിലെ മഹാരതന്മാരർ ആത്മീയതയുടെ ആദ്യ അക്ഷരങ്ങൾ നുകർന്ന കിൽത്താൻ ദ്വീപിൽ നിന്നും മറ്റൊരു മഹാൻ കൂടി വിടപറയുകയാണ്. കേരളത്തിലും, കർണ്ണാടകയിലും ഗോവയിലും, മുബൈയിലും എല്ലാം കിടന്നുറങ്ങുന്ന ഒരുപാട് ആത്മീയ തേജസ്സുകൾ കിൽത്താൻ ദ്വീപുമായി ആത്മീയ ബന്ധമുള്ളവരെന്ന് കാണാം. മദീനയുടെ രാജകുമാരൻ്റെ ചാരത്താണ് ആ ഖാളി ശംഊൻ ഫൈസി ഉസ്താദും അന്ത്യവിശ്രമം കൊള്ളാൻ പോവുന്നത്. നീണ്ടകാലം ചെറിയ പൊന്നാണിയുടെ ആത്മീയ അമരക്കാരൻ, ഉപദേശകൻ, പാണ്ഡിത്യത്തിന്റെ ആൾരൂപം, എളിമയുള്ള ഗുരു ഇനി മുന്നിൽ നിന്ന് നയിക്കാൻ ഉണ്ടാവില്ല. അവിടുത്തെ ദറജകൾ ഉയർത്തട്ടെ. ആമീൻ.

കടപ്പാട്: ജലീൽ അറക്കൽ കിൽത്താൻ

LEAVE A REPLY

Please enter your comment!
Please enter your name here