ആന്ത്രോത്ത്: രാജ്യത്തെ ഏറ്റവും പുരാതനമായ പള്ളികളിൽ പ്രധാനപ്പെട്ട ആന്ത്രോത്ത് ജുമാമസ്ജിദ് പുനരുദ്ധാരണത്തിന്റെ ആദ്യ ഘട്ടം പൂർത്തിയായി. 1403 വർഷങ്ങൾക്ക് മുൻപ് ഇസ്ലാമിക റിപബ്ലികിന്റെ ഒന്നാം ഖലീഫയായിരുന്ന അബൂബക്കർ സിദ്ധീഖ് (റ) യുടെ മകൻ മുഹമ്മദ് (റ) യുടെ മകൻ ഉബൈദുല്ലാഹി (റ) യാണ് ആന്ത്രോത്ത് ദ്വീപിലെ ഈ പുരാതനമായ പള്ളിയുടെ നിർമ്മാണം നിർവഹിച്ചത്. രാജ്യത്തെ തന്നെ ഏറ്റവും പുരാതനമായ പള്ളികളിൽ ഒന്നാണ് ആന്ത്രോത്ത് ദ്വീപ് ജുമാമസ്ജിദ്. ആ കാലഘട്ടത്തിൽ നിർമ്മിച്ച പള്ളിയുടെ പ്രൗഢിയും മരത്തിൽ തീർത്ത കൊത്തുപണിയുമെല്ലാം ഇന്നും കാണാം.

ഏകദേശം 425 വർഷങ്ങൾക്ക് മുൻപാണ് പള്ളിയുടെ പുനരുദ്ധാരണം ഇതിനു മുൻപ് നടന്നത് എന്ന് മിമ്പറിൽ കൊത്തിയിട്ട എഴുത്തുകളിൽ നിന്നും മനസ്സിലാക്കാം. 1967-ൽ കൊടുങ്കാറ്റ് വീശിയപ്പോൾ അറ്റകുറ്റപ്പണികൾ നടത്തിയതായി പ്രായമുള്ള ആളുകൾ പറയുന്നു. വിശാലമായ പള്ളിയുടെ മുൻഭാഗത്ത് നിന്നുള്ള കുറച്ച് ഭാഗം മാത്രം പൊളിച്ചു നീക്കി നടത്തിയ പുനർനിർമാണമാണ് ഇപ്പോൾ പൂർത്തിയായിട്ടുള്ളത്. പള്ളിയുടെ ബാക്കി ഭാഗവും പള്ളിയോട് ചേർന്നു കിടക്കുന്ന ഹസ്റത്ത് മുമ്പ് മൗലാ തങ്ങളുടെ ദർഗ്ഗാ ശരീഫും പുനരുദ്ധാരണം ചെയ്യേണ്ടതുണ്ട്. കാര്യമായി മറ്റു ദ്വീപുകളെയോ, വൻകരയേയോ ആശ്രയിക്കാതെ ആന്ത്രോത്ത് ദ്വീപിലെ സാധാരണക്കാരായ വിശ്വാസികളാണ് ഇതുവരെയുള്ള പുനരുദ്ധാരണ പ്രവർത്തനത്തിന് ആവശ്യമായ സമ്പത്തിന്റെ മുഖ്യ പങ്കും സംഭാവനയായി നൽകിയത്. ലക്ഷദ്വീപ് മുഴുവനായും സാമ്പത്തികമായി വലിയ വെല്ലുവിളി നേരിടുന്ന ഘട്ടമായതിനാൽ തുടർന്നുള്ള പ്രവർത്തനങ്ങൾ പരമാവധി വേഗത്തിലാക്കുന്നതിന് എല്ലാ പ്രദേശങ്ങളിലും നിന്നുള്ള വിശ്വാസികളുടെ സഹായ സഹകരണങ്ങൾ അത്യാവശ്യമാണ് എന്ന് ആന്ത്രോത്ത് ജുമാമസ്ജിദ് ഖത്തീബ് സയ്യിദ് ഹുസൈൻ സഖാഫി പാട്ടകൽ പറഞ്ഞു. പള്ളിയുടെ പുനരുദ്ധാരണത്തിനായി ആന്ത്രോത്ത് കാനറാ ബാങ്കിൽ അക്കൗണ്ട് രൂപീകരിച്ചിട്ടുണ്ട്. അക്കൗണ്ട് വിവരങ്ങൾ താഴെ കൊടുക്കുന്നു.
Androth Juma Masjid Renovation fund.
A/c No : 99523070002530
IFSC : CNRB0019952
Canara Bank, Androth Branch
കൂടുതൽ വിവരങ്ങൾക്ക് +919447424991 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here