ന്യൂഡൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അരുൺ ഗോയലിന്റെ രാജിക്ക് പിന്നിൽ ശിവസേന, എൻ.സി.പി തർക്കങ്ങളിൽ ഔദ്യോഗിക പാർട്ടി പേരും ചിഹ്നവും നൽകിയതിലെ അതൃപ്തി എന്ന് റിപ്പോർട്ട്. ശിവസേന ഉദ്ധവ് താക്കറെ, ഏക്നാത് ശിണ്ടെ പക്ഷങ്ങൾ തമ്മിലുള്ള തർക്കത്തിന്റെ പശ്ചാത്തലത്തിൽ നിയമസഭാ കക്ഷി നില നോക്കിയാണ് ഏക്നാത് ശിണ്ടെ വിഭാഗത്തെ ഔദ്യോഗിക പാർട്ടിയായി തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചത്. എന്നാൽ നിയമസഭാ കക്ഷി നിലയോടൊപ്പം പാർട്ടിയുടെ സംഘടനാ ശക്തിയും സംഘടനയിലെ പിന്തുണയും കൂടി പരിഗണിച്ചാണ് പാർട്ടി ഔദ്യോഗിക പക്ഷത്തെ തീരുമാനിക്കേണ്ടത് എന്നായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷൻ അരുൺ ഗോയലിന്റെ നിലപാട്. പക്ഷെ, അദ്ദേഹത്തിന്റെ വാക്കുകൾക്ക് അംഗീകാരം ലഭിച്ചില്ല. അന്ന് തന്നെ അദ്ദേഹം അതൃപ്തനായിരുന്നു.
തുടർന്ന് വന്ന എൻ.സി.പി ശരത് പവാർ, അജിത് പവാർ പക്ഷങ്ങൾ തമ്മിലുള്ള തർക്കത്തിൽ ശിവസേന തർക്കത്തിൽ കമ്മീഷൻ എടുത്ത നിലപാടുകളെ ഒരു കീഴ്‌വഴക്കമായി സ്വീകരിച്ചു കൊണ്ട് നിയമസഭാ കക്ഷി നില മാത്രം നോക്കി അജിത് പവാർ പക്ഷത്തിന് പാർട്ടിയുടെ ഔദ്യോഗിക പാർട്ടി പേരും ചിഹ്നവും നൽകുകയായിരുന്നു. ഈ ഘട്ടത്തിലും സംഘടനാ ശക്തി കൂടി പരിഗണിച്ചു വേണം പാർട്ടി പേരും ചിഹ്നവും നൽകേണ്ടത് എന്ന തന്റെ നിലപാട് അരുൺ ഗോയൽ ആവർത്തിച്ചെങ്കിലും ആ നിലപാടിന് പിന്തുണ ലഭിച്ചില്ല. തുടർന്നാണ് 2027 വരെ കാലാവധി ഉണ്ടായിരുന്നിട്ടും അദ്ദേഹം രാജി വെച്ച് പടിയിറങ്ങിയത് എന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.