കവരത്തി: പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ രാഷ്ട്രീയ പാർട്ടികൾ കൊണ്ടുപിടിച്ച പ്രചാരണ പ്രവർത്തനങ്ങളിലാണ്. തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് കൊണ്ട് നേരത്തെ തന്നെ വോട്ടർപട്ടികയിൽ പേരു ചേർക്കാൻ കോൺഗ്രസും എൻ.സി.പി (എസ്) യും പത്ത് ദ്വീപുകളും കേന്ദ്രീകരിച്ച് പ്രവർത്തിനം ആരംഭിച്ചിരുന്നു. അതിന്റെ ഫലമായി വോട്ടർമാരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ലക്ഷദ്വീപിൽ ആകെ പോൾ ചെയ്തത് 46,909 വോട്ടുകളാണ്. അഞ്ചു വർഷങ്ങൾക്ക് ശേഷം ലക്ഷദ്വീപ് വീണ്ടും പോളിംഗ് ബൂത്തിലേക്ക് പോവുമ്പോൾ ഏതാണ്ട് പതിനായിരം പുതിയ വോട്ടർമാരാണ് അധികമായി വോട്ട് രേഖപ്പെടുത്താൻ ഒരുങ്ങുന്നത്. നിലവിൽ ജനുവരി അഞ്ച് വരെയുള്ള കണക്കുകൾ പ്രകാരം ലക്ഷദ്വീപിൽ ആകെ 57,594 വോട്ടുകളാണ് ഉള്ളത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതോടെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ജനുവരി മാസത്തിന് ശേഷം ചേർത്ത വോട്ടർമാരുടെ പട്ടിക കൂടി ലഭ്യമാവുന്നതോടെ ഏതാണ്ട് 60,000 വോട്ടർമാർ ഈ തിരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും നിർണ്ണായകമായ ആന്ത്രോത്ത് ദ്വീപ് എങ്ങോട്ട് ചായുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ജയപരാജയങ്ങൾ തീരുമാനിക്കുക. ആകെ ഒൻപതു പോളിംഗ് ബൂത്തുകളുള്ള ആന്ത്രോത്ത് ദ്വീപിൽ 10,715 വോട്ടർമാരാവും ഈ തിരഞ്ഞെടുപ്പിൽ അവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കുക. വോട്ടർമാരുടെ എണ്ണത്തിൽ രണ്ടാമതുള്ള കവരത്തിയെ അപേക്ഷിച്ച് 1200 ഓളം വോട്ടുകളാണ് ആന്ത്രോത്ത് ദ്വീപിൽ കൂടുതലായി ഉള്ളത്. ഉത്തർ പ്രദേശ് പിടിച്ചാൽ ഡൽഹിയിൽ കേന്ദ്ര ഭരണം പിടിക്കാം എന്ന് പറയുന്നത് പോലെയാണ് ആന്ത്രോത്ത് പിടിച്ചാൽ ലക്ഷദ്വീപ് പിടിക്കാം എന്നത്. അതുകൊണ്ട് തന്നെ ആന്ത്രോത്തിന്റെ കാറ്റ് എങ്ങോട്ട് വീശുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും തിരഞ്ഞെടുപ്പ് ഫലം ആർക്ക് അനുകൂലമാവും എന്ന് വിലയിരുത്താനാവുക.
ഒൻപതു പോളിംഗ് ബൂത്തുകളുള്ള കവരത്തിയിൽ ആകെ 9598 വോട്ടർമാരാണ് പട്ടികയിൽ ഉള്ളത്. മറ്റു ദ്വീപുകളിലെ പോളിംഗ് ബൂത്തുകളുടെ എണ്ണവും വോട്ടർമാരുടെ എണ്ണവും യഥാക്രമം താഴെ കൊടുക്കുന്നു.
- മിനിക്കോയ് – 8 ബൂത്തുകൾ – 8603 വോട്ടർമാർ.
- അമിനി – 6 ബൂത്തുകൾ – 7041 വോട്ടർമാർ.
- അഗത്തി – 7 ബൂത്തുകൾ – 6722 വോട്ടർമാർ.
- കടമത്ത് – 5 ബൂത്തുകൾ – 4867 വോട്ടർമാർ.
- കൽപ്പേനി – 4 ബൂത്തുകൾ – 4008 വോട്ടർമാർ.
- കിൽത്താൻ – 4 ബൂത്തുകൾ – 3743 വോട്ടർമാർ.
- ചെത്ത്ലാത്ത് – 2 ബൂത്തുകൾ – 2054 വോട്ടർമാർ.
- ബിത്ര – 1 ബൂത്തുകൾ – 243 വോട്ടർമാർ.