കടമത്ത് : കിൽത്താൻ ദ്വീപിനും കടമത്ത് ദ്വീപിനും ഇടയിലുള്ള 38 കിലോ മീറ്റർ ദൂരം നീന്തി കടന്ന് തൻ്റെ ഏറ്റവും ദൈർഘ്യമേറിയ നീന്തൽ പൂർത്തിയാക്കി ഇന്റർനാഷണൽ നീന്തൽ താരവും ഹൈദ്രാബാദ് സ്വദേശിനിയുമായ 51 വയസ്സുകാരി ശ്യാമല ഗോലി. 29ന് പുലർച്ചെ 3.10ന് കിൽത്താൻ ഐലൻഡ് ബീച്ചിൽ നിന്ന് തുടങ്ങി 18 മണിക്കൂർ നീന്തലിനുശേഷം 29-ന് രാത്രി 9.45-ന് ലക്ഷ്യസ്ഥാനമായ കടമത്ത് ദ്വീപ് ബീച്ചിലെത്തി. ഹെൽത്ത് സർവീസ് ഡയറക്ടർ ശ്രീകാന്ത് തപദ്യ , ഡാനിക്സ് എന്നിവർ കിൽത്താനിൽ പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു.
കടമത്ത് ദ്വീപ് ബ്ലോക്ക് ഡെവലപ്മെൻ്റ് ഓഫീസർ കദിശാബി കടമത്ത് ദ്വീപിൽ താരത്തെ സ്വീകരിച്ചു.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ്റെ പിന്തുണയോടെ മുംബൈയിലെ രൂപാലി റാപാലി സ്വിമ്മിംഗ് അക്കാദമിയുമായി സഹകരിച്ച് കിൽത്താനിലെ ദുനൂൺ സ്‌കൂബ ഡൈവിംഗ് ആൻഡ് വാട്ടർ സ്‌പോർട്‌സ് സെൻ്റർ ആണ് പരിപാടി സംഘടിപ്പിച്ചത് . ഇവൻ്റ് ഏകോപിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി നീന്തൽ പരിശീലകൻ മുജീബ് റഹ്മാൻ, കായിക യുവജനകാര്യ വകുപ്പിൽ നിന്ന് നിരീക്ഷകനായും ടൂറിസം വകുപ്പിൽ നിന്നുള്ള ഇൻസ്ട്രക്ടർ അബ്ദുൾ സമദ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനെ പ്രതിനിധീകരിച്ചും പരിപാടിക്ക് മേൽനോട്ടം വഹിച്ചു.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ സെക്രട്ടറി അവ്നേഷ്, ഐഎഎസ്, ജില്ലാ കളക്ടർ അർജുൻ മോഹൻ ഐഎഎസ്, ഗിരി ശങ്കർ ഐഎഎസ് എന്നിവർ അവരവരുടെ വകുപ്പുകളെ പ്രധിനിധീകരിച്ച് പരിപാടിയിൽ സജീവ സാന്നിധ്യമായി.