ആന്ത്രോത്ത്: ഒന്നര മാസത്തോളമായി നീണ്ടു നിൽക്കുന്ന സായ് സെന്റർ ആന്ത്രോത്തും ബ്ലാക്ക്ബെറി ഫുഡ്ബോൾ ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന ഫൈവ്സ് ഫ്ലഡ് ലൈറ്റ് ഫുഡ്ബോൾ ടൂർണമെന്റിന് ഇന്ന് കൊടിയിറങ്ങും. കരുത്തരായ സാസ്കയും ഉണ്ടാ വാരിയേഴ്സും തമ്മിലാണ് കലാശപ്പോരാട്ടം.
ഇന്നലെ നടന്ന രണ്ടു സെമി ഫൈനൽ മൽസരങ്ങളിൽ സാസ്കയും ഉണ്ടാ വാരിയേഴ്സും ഫൈനൽ മൽസരത്തിന് അർഹത നേടി. സാസ്കയും ടാസ്കാ കാറ്റലൻസും തമ്മിൽ നടന്ന സെമിഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ ഏഴ് ഗോളുകൾക്കണ് സാസ്കാ ഫൈനൽ ബർത്ത് ഉറപ്പിച്ചത്. സാസ്കക്ക് വേണ്ടി സഫ്‌വാൻ മൂന്ന് ഗോളുകളും ഷരീഫ് രണ്ടു ഗോളുകളും നേടിയപ്പോൾ സൽമാനും ഖുത്തുബും ഓരോ ഗോളുകൾ വീതം നേടി. ടാസ്കാ കാറ്റലൻസിന് വേണ്ടി അബൂ കാസിം ഒരു ഗോൾ നേടി.
ഉണ്ടാ വാരിയേഴ്സും ബ്ലാക്ക് ടൈംസുമായി നടന്ന സെമിഫൈനൽ മത്സരത്തിൽ മുഴുവൻ സമയവും പൂർത്തിയായപ്പോൾ രണ്ടു ടീമുകളും ഓരോ ഗോളുകൾ വീതം നേടി സമനില നേടിയതിനെ തുടർന്ന് പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ആദ്യാവസാനം കാണികളെ മുൾമുനയിൽ നിർത്തിയ കളിയുടെ പെനാൽട്ടി ഷൂട്ടൗട്ടിൽ മൂന്നിനെതിരെ നാല് ഗോളുകൾ നേടിയാണ് ഉണ്ടാ വാരിയേഴ്സ് ഫൈനലിലേക്ക് പ്രവേശിച്ചത്.
ഇന്ന് വൈകുന്നേരം ഏഴരയോടെ ആരംഭിക്കുന്ന ലോസേഴ്സ് ഫൈനലിൽ ബ്ലാക്ക് ടൈംസും ടാസ്കാ കാറ്റലൻസും നേർക്കുനേർ ഏറ്റുമുട്ടുന്നു. തുടർന്ന് നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഉണ്ടാ വാരിയേഴ്സും സാസ്കയും മാറ്റുരയ്ക്കും.