കവരത്തി: വരുന്ന പൊതു തിരഞ്ഞെടുപ്പിന് യുവനിരയിൽ നിന്നും സ്ഥാനാർഥിയെ കണ്ടെത്തി വലിയ മുന്നേറ്റം നടത്താനുള്ള ഒരുക്കത്തിലാണ് ബി.ജെ.പി ലക്ഷദ്വീപ് ഘടകം. പരമാവധി വോട്ടുകൾ സമാഹരിച്ചു കൊണ്ട് ദേശീയ നേതൃത്വത്തെ സന്തോഷിപ്പിക്കുകയാണ് ലക്ഷ്യം. അതുവഴി ബി.ജെ.പി ലക്ഷദ്വീപ് ഘടകത്തിന് കേന്ദ്രത്തിൽ കൂടുതൽ സ്വാധീനം ഉറപ്പിക്കാൻ സാധിക്കും എന്ന് സംസ്ഥാന ഘടകം കണക്കു കൂട്ടുന്നു. അതിനായി ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള സ്ഥാനാർഥിയെ കളത്തിലിറക്കണം എന്ന് സംസ്ഥാന ഘടകം ഒറ്റക്കെട്ടായി തീരുമാനിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. സംസ്ഥാന പ്രസിഡന്റ് കാസ്മിക്കോയ തന്നെ മത്സരിക്കണം എന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരോഗ്യപരമായ കാരണങ്ങൾ അദ്ദേഹം മത്സരിക്കില്ല എന്നാണ് അറിയുന്നത്.

അതേസമയം യുവാക്കളെ പരിഗണിക്കണം എന്ന ആവശ്യവും ശക്തമാണ്. കിൽത്താൻ ദ്വീപ് സ്വദേശിയും മുൻ യൂത്ത് കോൺഗ്രസ് നേതാവും നിലവിൽ യുവമോർച്ച സംസ്ഥാന അധ്യക്ഷനുമായ മഹദാ ഹുസൈനെ സ്ഥാനാർഥിയായി പരിഗണിക്കണം എന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ബി.ജെ.പിയിലെ വടക്കൻ ദ്വീപുകളിൽ നിന്നുള്ള നേതാക്കളും യുവാക്കളുമാണ് മഹദാ ഹുസൈന് വേണ്ടി രംഗത്തുള്ളത്. യൂത്ത് കോൺഗ്രസ് നേതാവ് എന്ന നിലയിൽ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു പരിചയമുള്ളയാളാണ് മഹദാ ഹുസൈൻ. ദ്വീപ് കലാസമിതിയുടെ ഭാഗമായി ദീർഘകാലം സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിച്ചു പരിചയമുള്ള മഹദാ വടക്കൻ ദ്വീപുകൾക്ക് വേണ്ടി യുവജന കൂട്ടായ്മ രൂപീകരിക്കുകയും ശക്തമായ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്തിട്ടുണ്ട്. കിൽത്താൻ ദ്വീപിലെ സാംസ്കാരിക ഉത്സവമായ കിൽത്താൻ ഫെസ്റ്റിന്റെ മുഖ്യ സംഘാടകനായി പ്രവർത്തിച്ചു വരുന്ന അദ്ദേഹം വടക്കൻ ദ്വീപുകളിലെ യുവാക്കൾക്കിടയിൽ സ്വാധീനമുള്ള നേതാവാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ സ്ഥാനാർഥിയായി പരിഗണിക്കണം എന്നാണ് ഒരു കൂട്ടം ചെറുപ്പക്കാർ ആവശ്യപ്പെടുന്നത്. പല പേരുകളും ഉയർന്നു വരുന്നുണ്ടെങ്കിലും മഹദാ ഹുസൈന് തന്നെ നറുക്ക് വീഴും എന്നാണ് അറിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here