കവരത്തി: ഇന്തോ-പസഫിക് മേഖലയിലെ ഇന്ത്യൻ നാവിക ശക്തി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലക്ഷദ്വീപിൽ രണ്ട് നാവികസേന താവളങ്ങൾ നിർമിക്കാൻ പദ്ധതി തയ്യാറാക്കി കേന്ദ്ര സർക്കാർ. അഗത്തി, മിനിക്കോയ് ദ്വീപുകളിലാണ് താവളങ്ങൾ വരുക. തെക്കുകിഴക്കന്‍ ഏഷ്യയിലേക്കും വടക്കന്‍ ഏഷ്യയിലേക്കും ശതകോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള ചരക്കുകളുമായി കപ്പലുകള്‍ കടന്നുപോകുന്ന ഇന്ത്യന്‍ മഹാസമുദ്രത്തിലെ പ്രധാനമായ 9 ഡിഗ്രി ചാനലിലാണ് മിനിക്കോയ്, അഗത്തി ദ്വീപുകള്‍ സ്ഥിതി ചെയ്യുന്നത്. മിനിക്കോയ് ദ്വീപും മാലി ദ്വീപും തമ്മിൽ 524 കിലോമീറ്റര്‍ അകലം മാത്രമാണ് ഉള്ളത്. ഇത്രയേറെ തന്ത്ര പ്രധാനമായ ലക്ഷദ്വീപ് സമൂഹത്തിൽ എയർ ബേസ് അടക്കമുള്ള നാവിക സേന താവളങ്ങളാണ് ഇന്ത്യ നിർമ്മിക്കുക. ഐ.എന്‍.എസ്. ജടായു എന്നാണ് മിനിക്കോയ് ദ്വീപിലെ നാവികസേനാ താവളത്തിന്റെ പേര്.
മിനിക്കോയ് ദ്വീപില്‍ പുതിയ എയര്‍ സ്ട്രിപ് നിര്‍മിക്കാനും അഗത്തി ദ്വീപിലെ നിലവിലുള്ള എയര്‍ സ്ട്രിപ്പ് നവീകരിക്കാനും കേന്ദ്ര തീരുമാനം ഉണ്ട് എന്ന് ദേശീയ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.