ബേപ്പൂർ: ബേപ്പൂർ തുറമുഖത്ത് ഡോക്ക് ചെയ്തിരുന്ന മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. കിൽത്താൻ ദ്വീപ് സ്വദേശി ദിൽബർ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള അഹൽ ഫിഷറീസ് എന്ന ബോട്ടിനാണ് തീപിടിച്ചത്. ബോട്ട് പൂർണ്ണമായി കത്തി നശിച്ചു. ബോട്ടിലുണ്ടായിരുന്ന മറ്റ് മത്സ്യബന്ധന ഉപകരണങ്ങളും പൂർണ്ണമായും കത്തിനശിച്ചു.
ദ്വീപ് സ്വദേശികളായ താജുൽ അക്ബർ (27), മുഹമ്മദ് റസീഖ് (37) എന്നിവർക്ക് തീപിടുത്തത്തിൽ സാരമായ പൊള്ളലേറ്റു. ഇവരെ ആദ്യം കോഴിക്കോട് മെഡിക്കൽ കോളേജിലും തുടർന്ന് ബേബി മെമ്മോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവിൽ രണ്ടു പേരും ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവർ കടലിലേക്ക് ചാടിയതിനാൽ രക്ഷപ്പെടുകയായിരുന്നു. മുക്കം, നരിക്കുനി, മീഞ്ചന്ത ഫയർ സ്റ്റേഷനുകളിലെ മൂന്ന് യൂണിറ്റ് ഫയർ എൻജിനുകൾ എത്തിയാണ് തീയണച്ചത്. രാത്രി 12.40 ഓടെയാണ് തീപിടുത്തം ഉണ്ടായത്. പുലർച്ചെ 3.30 ഓടെ തീ പൂർണമായും അണക്കാൻ സാധിച്ചു. ബാറ്ററിയിൽ നിന്നുണ്ടായ തീപ്പൊരി പടർന്നതാവാം അപകട കാരണമെന്ന് മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനായ മനു തോമസ് പറഞ്ഞു.