ആന്ത്രോത്ത്: സ്പോർട്സ് അതോറിട്ടി ഓഫ് ഇന്ത്യയുടെ ദേശീയ സായ് വനിതാ ഫുട്ബോൾ ടീമിലേക്ക് ആന്ത്രോത്ത് സായ് സെന്ററിലെ നാല് വിദ്യാർത്ഥിനികളെ തിരഞ്ഞെടുത്തു. സാലിഹ ബിൻത്തി ഹുസൈൻ, ഹിസാനാ ഫാത്തിമ യു.കെ, നൗഫലാ ഫാത്തിമ കെ, അനീസ യു.പി എന്നിവരാണ് സ്പോർട്സ് അതോറിട്ടി ഓഫ് ഇന്ത്യയുടെ കംബൈൻഡ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ പശ്ചിമ ബംഗാളിൽ വെച്ച് ആൾ ഇന്ത്യ ഇന്റർ സായ് വുമൺസ് ഫുഡ്ബോൾ മത്സരം നടന്നിരുന്നു. ഈ മത്സരത്തിൽ ആന്ത്രോത്ത് സായ് സെന്ററിലെ ടീം പങ്കെടുത്തിരുന്നു. പരിശീലകനായ അവ്വൽ.ഡി.എസിന്റെ നേതൃത്വത്തിലാണ് അന്ന് വിദ്യാർത്ഥിനികൾ ഇന്റർ സായ് വുമൺസ് ഫുഡ്ബോൾ മത്സരത്തിൽ പങ്കെടുത്തത്. ചരിത്രത്തിൽ ആദ്യമായാണ് ലക്ഷദ്വീപിൽ നിന്നും ഒരു വനിതാ ടീം ദേശീയ തലത്തിൽ ഫുഡ്ബോൾ മത്സരത്തിൽ പങ്കെടുത്തത്. അന്ന് നടന്ന മത്സരങ്ങളിലെ പ്രകടനത്തെ പരിഗണിച്ചാണ് ആന്ത്രോത്ത് സായ് സെന്ററിലെ നാല് പെൺപുലികളെ ദേശീയ തലത്തിൽ തിരഞ്ഞെടുത്തിരിക്കുന്നത്.
അടുത്ത മാസങ്ങളിലായി വരുന്ന ബി.സി റോയ് ട്രോഫി, സുബ്രതോ മുഖർജി ട്രോഫി ദേശീയ ഫുട്ബോൾ മത്സരങ്ങളിൽ സ്പോർട്സ് അതോറിട്ടി ഓഫ് ഇന്ത്യയുടെ ദേശീയ ടീം പങ്കെടുക്കും. ആ ടീമിന്റെ കളികളിൽ ഇനി നമ്മുടെ പെൺപുലികളുമുണ്ടാവും. കൂടാതെ സുബ്രതോ മുഖർജി ട്രോഫി ദേശീയ ഫുട്ബോൾ മത്സരത്തിൽ ആന്ത്രോത്ത് മഹാത്മാഗാന്ധി സീനിയർ സെക്കൻഡറി സ്കൂളിനെ പ്രതിനിധീകരിച്ച് കൊണ്ട് സായ് സെന്ററിലെ പെൺപടയും അങ്കത്തിനിൽങ്ങുന്നുണ്ട്. അതിനായുള്ള പരിശീലനങ്ങളും മറ്റ് ഒരുക്കങ്ങളും പുരോഗമിക്കുന്നതായി പരിശീലകൻ അവ്വൽ.ഡി.എസ് ദ്വീപ് മലയാളിയോട് പറഞ്ഞു.