കവരത്തി: ലക്ഷദ്വീപിലെ മുഴുവൻ പണ്ടാരം ഭൂമിയും സർക്കാരിലേക്ക് പിടിച്ചെടുക്കാൻ ലക്ഷദ്വീപ് ജില്ലാ കളക്ടറുടെ ഉത്തരവ്. പണ്ടാരം ഭൂമി സർക്കാർ ഉടമസ്ഥതയിലുള്ളതാണെന്ന് ആവർത്തിച്ചു പറയുന്ന ഉത്തരവിൽ ഭൂമിക്ക് നഷ്ടപരിഹാരം ഉണ്ടാവില്ല എന്ന് പറയുന്നു.

ലക്ഷദ്വീപിൽ ആകെ രണ്ടു തരം ഭൂമികളാണ് ഉള്ളത്. ഒന്ന് പണ്ടാരം ഭൂമിയും മറ്റേത് ജന്മം ഭൂമികളുമാണ്. പണ്ടാരം ഭൂമി സർക്കാർ ഉടമസ്ഥതയിലുള്ളതാണെന്ന് ഉത്തരവിന്റെ പല ഭാഗങ്ങളിലായി ആവർത്തിച്ചു പറയുന്നുണ്ട്.

പണ്ടാരം ഭൂമികളുടെ ഒരു ഭാഗം കൃഷിക്കും മറ്റുമായി ജനങ്ങൾക്ക് ലീസിന് നൽകിയതാണെന്ന് ജില്ലാ കളക്ടറുടെ ഉത്തരവ് ചൂണ്ടിക്കാട്ടുന്നു. അങ്ങനെ ഭൂമി നൽകപ്പെട്ടവർക്ക് ആ ഭൂമി കൃഷിക്കും മറ്റുമായി ഉപയോഗിക്കാം. അതേസമയം അവർക്ക് ആ ഭൂമിയുടെ ഉടമസ്ഥാവകാശം നൽകപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ സർക്കാരിന് ആവശ്യമുള്ളപ്പോൾ ഈ ഭൂമികൾ പിടിച്ചെടുക്കാം എന്നാണ് ഉത്തരവിൽ പറയുന്നത്. ഭൂമി സർക്കാർ ഏറ്റെടുക്കുമ്പോൾ ഭൂമിയിൽ നിയമപരമായി നടത്തിയ പരിഷ്കാരങ്ങളുടെ നഷ്ടപരിഹാരം നൽകും. തെങ്ങ് ഉൾപ്പെടെയുള്ള നട്ടുപിടിപ്പിച്ച മരങ്ങൾ, നിയമപരമായി നിർമ്മിച്ച കെട്ടിടങ്ങൾ തുടങ്ങിയവക്കാകും നഷ്ടപരിഹാരം ലഭിക്കുക.

റോഡ്, ആശുപത്രികൾ, സ്കൂളുകൾ, പോർട്ട് നവീകരണം, ടൂറിസം ഉൾപ്പെടെ നിരവധി വികസന പദ്ധതികൾക്ക് ലക്ഷദ്വീപ് ഭരണകൂടം തുടക്കം കുറിക്കുകയാണ്. അതിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് ഭൂമി ആവശ്യമാണ്. അതൊടൊപ്പം ലക്ഷദ്വീപിലെ ഭൂമികൾ ഒരു വിഭാഗം ആളുകളുടെയും കുടുംബങ്ങളുടെയും കൈകളിൽ മാത്രം കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇത് മുഴുവൻ ജനങ്ങൾക്കും തുല്യമായി ലഭിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കേണ്ടതുണ്ട് എന്നും വിവാദ ഉത്തരവിൽ പറയുന്നു.

പണ്ടാരം ഭൂമി നൽകപെട്ടിട്ടുള്ള കവരത്തി, അഗത്തി, മിനിക്കോയ്, ആന്ത്രോത്ത്, കൽപ്പേനി എന്നീ ദ്വീപുകളിലെ പണ്ടാരം ഭൂമികൾ ഏറ്റെടുക്കൽ അതാത് ദ്വീപുകളിലെ ഡെപ്യൂട്ടി കളക്ടർമാരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഈ ഉത്തരവ് ഇറക്കി 10 ദിവത്തിനകം (അതായത് ജൂലൈ ഏഴിന് മുൻപായി) പണ്ടാരം ഭൂമി കൈവശമുള്ള ആളുകൾ അതാത് ദ്വീപുകളിലെ ഡെപ്യൂട്ടി കളക്ടർമാർക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്. പണ്ടാരം ഭൂമിയിൽ വീടു വെച്ച് താമസിക്കുന്നവർ, കച്ചവട സ്ഥാപനങ്ങൾ നടത്തുന്നവർ, ഭൂമിയുടെ കൈവശാവകാശ സർട്ടിഫിക്കറ്റ് ലഭിച്ചവർ, കൃഷി ഉൾപ്പെടെ പണ്ടാരം ഭൂമിയിൽ മറ്റ് പ്രവർത്തനങ്ങൾ നടത്തുന്നവർ എന്നിവർക്ക് പ്രത്യേക അപേക്ഷാ ഫോം ലഭ്യമാണ്. അതാത് അപേക്ഷാ ഫോറങ്ങൾ വഴി പത്തു ദിവസത്തിനകം ഡെപ്യൂട്ടി കളക്ടർ മുമ്പാകെ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. അസ്സൽ ഭൂമി രജിസ്റ്ററുമായി താരതമ്യം ചെയ്യുമ്പോൾ ഉത്തരവിനൊപ്പമുള്ള രേഖകളിൽ തെറ്റുകൾ കണ്ടെത്തിയാൽ അസ്സൽ ഭൂമി രജിസ്റ്റസിലെ വിവരങ്ങളാവും പരിഗണിക്കുക. നിർദ്ദിഷ്ട സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷൾ പരിഗണിക്കുന്നതല്ല. അപേക്ഷകൾ ലഭിച്ച് പത്തു ദിവസത്തിനകം(അതായത് പരമാവധി ഇന്നേക്ക് 20 ദിവസത്തിനകം) ഭൂമി ഏറ്റെടുക്കലിന്റെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ജില്ലാ കളക്ടറെ അറിയിക്കണം എന്നാണ് ഉത്തരവ്.

ലക്ഷദ്വീപിലെ എല്ലാ ജനദ്രോഹ നടപടിക്കും നേതൃത്വം നൽകുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോടാ പട്ടേൽ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് തലസ്ഥാന ദ്വീപായ കവരത്തിയിൽ എത്തിയത്. തൊട്ടുപിന്നാലെയാണ് നൂറുകണക്കിന് സാധാരണക്കാരായ ജനങ്ങളെ തെരുവിലേക്ക് ഇറക്കാൻ പോകുന്ന വിവാദ ഉത്തരവിൽ ജില്ലാ കളക്ടർ അർജുൻ മൊഹൻ ഐ.എ.എസ് ഒപ്പുവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here