അഗത്തി: ലക്ഷദ്വീപിലെ അഗത്തിയിൽ സൗത്ത് സ്കൂൾ മുൻപ് അടച്ചുപൂട്ടിയതിനെത്തുടർന്ന് വിദ്യാർഥികൾ നിലവിൽ നേരിടുന്ന യാത്രാദുരിതവും സുരക്ഷാ പ്രശ്നങ്ങളും രൂക്ഷമാകുന്നു. സൗത്ത് സ്കൂൾ പൂട്ടിയതോടെ നോർത്ത് സ്കൂളിലേക്ക് മാറേണ്ടി വന്ന തെക്കൻ മേഖലയിലെ കുട്ടികൾക്കാണ് ദൂരക്കൂടുതൽ കാരണം നാല് കിലോമീറ്ററോളം യാത്ര ചെയ്ത് ദിനംപ്രതി സ്കൂളിലെത്താൻ കടുത്ത പ്രയാസം നേരിടുന്നത്. ഭൂരിഭാഗം വിദ്യാർഥികളും രാവിലെ 9.30 കഴിഞ്ഞാണ് നിലവിൽ സ്കൂളിൽ എത്തുന്നത്. ഇതിനാൽ കൃത്യസമയത്ത് സ്കൂൾ അസംബ്ലിയിൽ പങ്കെടുക്കാൻ കുട്ടികൾക്ക് സാധിക്കുന്നില്ല.

വൈകിയെത്തുന്ന വിദ്യാർഥികൾക്ക് അസംബ്ലി കഴിയുന്നതുവരെ പുറത്തുനിൽക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. അസംബ്ലി സമയത്ത് പ്രധാന ഗേറ്റ് അടച്ചിടുന്നതാണ് കുട്ടികൾക്ക് പുറത്തുനിൽക്കേണ്ടി വരാൻ കാരണം. അഗത്തിയിലെ സൗത്ത് സ്കൂളിൽ ആവശ്യത്തിന് കെട്ടിടങ്ങളും എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമായിരിക്കെയാണ് കുട്ടികൾ ഈ ദുരിതം അനുഭവിക്കുന്നത്. തങ്ങളുടെ സമീപപ്രദേശത്ത് തന്നെ വിദ്യാഭ്യാസം ഉറപ്പാക്കാൻ അടഞ്ഞുകിടക്കുന്ന സൗത്ത് സ്കൂൾ വീണ്ടും തുറന്ന് പ്രവർത്തിക്കാൻ എജ്യുക്കേഷൻ ഓഫീസറും വകുപ്പ് ഡയറക്ടറും സെക്രട്ടറിയും അടിയന്തരമായി ഇടപെടണമെന്ന് രക്ഷാകർത്താക്കൾ ആവശ്യപ്പെടുന്നു.

ഇതിനുപുറമേ, നിലവിൽ കുട്ടികൾ പഠിക്കുന്ന നോർത്ത് സ്കൂളിലെ സുരക്ഷാ കുറവും വലിയ ആശങ്കയായി മാറിയിട്ടുണ്ട്. പ്രധാന റോഡിനോട് തൊട്ടുരുമ്മി സ്ഥിതി ചെയ്യുന്ന നോർത്ത് സ്കൂളിന് ചുറ്റുമതിൽ ഇല്ല എന്നത് വിദ്യാർഥികളുടെ ജീവന് തന്നെ ഭീഷണിയാണ്. എപ്പോഴും വാഹനങ്ങൾ കടന്നുപോകുന്ന റോഡായതിനാൽ കുട്ടികൾ അപകടത്തിൽപ്പെടാനുള്ള സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിൽ ലക്ഷദ്വീപ് ഭരണകൂടം ഉടൻ ഇടപെട്ട് സൗത്ത് സ്കൂൾ പുനരാരംഭിക്കുകയും, നോർത്ത് സ്കൂളിൽ ഉടൻ ചുറ്റുമതിൽ നിർമിച്ച് സ്കൂളിന് മുന്നിൽ പോലീസ് ഡ്യൂട്ടി ഏർപ്പെടുത്തി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here