ഡൽഹി: ലക്ഷദ്വീപിൽ നിലവിലുള്ള ജനവിരുദ്ധ നിയന്ത്രണങ്ങളും നയങ്ങളും ഉടനടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ലോകസഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ലക്ഷദ്വീപ് ഭരണകൂടം നടപ്പിലാക്കുന്ന പുതിയ നിയമങ്ങൾ ദ്വീപ് ജനതയുടെ ഭൂമിയും ഉപജീവനമാർഗ്ഗവും സംസ്കാരവും തകർക്കുന്നതാണെന്നും ജനങ്ങൾ ഭയത്തിന്റെ അന്തരീക്ഷത്തിലാണ് കഴിയുന്നതെന്നും കത്തിൽ രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന ദ്വീപ് ജനതയുടെ സ്വകാര്യ സ്വത്തുക്കൾ പിടിച്ചെടുക്കാനും വ്യാവസായിക ആവശ്യങ്ങൾക്കായി ഭൂമി കൈമാറാനും ഭരണകൂടം ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

​ദ്വീപിലെ ജനാധിപത്യപരമായ അവകാശങ്ങൾ ഇല്ലാതാക്കപ്പെടുന്നുവെന്നും സമാധാനപരമായ പ്രതിഷേധങ്ങൾ പോലും അടിച്ചമർത്തപ്പെടുകയാണെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്. പഞ്ചായത്തുകളുടെ പ്രവർത്തനം നിർജ്ജീവമായ അവസ്ഥയിലാണെന്നും ജനങ്ങളുടെയും ജനപ്രതിനിധികളുടെയും പൂർണ്ണ സമ്മതത്തോടെ മാത്രമേ പുതിയ നിയമങ്ങൾ നടപ്പിലാക്കാവൂ എന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ലക്ഷദ്വീപ് എം.പി അഡ്വ. ഹംദുള്ള സയീദ്, കവറത്തി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി. ഉമ്മർ എന്നിവരുടെ നിവേദനങ്ങളും കത്തിനൊപ്പം അമിത് ഷായ്ക്ക് കൈമാറിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here