കവരത്തി: ലക്ഷദ്വീപിലെ ആൾപാർപ്പില്ലാത്ത സുഹേലി ദ്വീപിന് സമീപം ഔദ്യോഗിക പട്രോളിംഗിനിടെ കാണാതായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്താൻ ഉപഗ്രഹ ചിത്രങ്ങളും (Satellite Imagery) ആധുനിക സാങ്കേതികവിദ്യകളും അടിയന്തരമായി പ്രയോജനപ്പെടുത്തണമെന്ന് കുടുംബാംഗങ്ങളുടെ കണ്ണീരണിഞ്ഞ അഭ്യർത്ഥന. അപകടം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും സിവിൽ പൊലീസ് ഓഫീസർമാരെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് കാണാതായ ഉദ്യോഗസ്ഥന്റെ സഹോദരൻ സന്ദേശവുമായി രംഗത്തെത്തിയത്. നിലവിൽ നടക്കുന്ന രക്ഷാപ്രവർത്തനങ്ങൾക്ക് നന്ദി അറിയിച്ച കുടുംബം, ഇത് രാഷ്ട്രീയത്തിനതീതമായി രണ്ട് ജീവനുകൾ തിരികെ എത്തിക്കാനുള്ള ശ്രമമാണെന്നും വിഷയം ദേശീയ ശ്രദ്ധയിൽ കൊണ്ടുവരാൻ മാധ്യമങ്ങളും പൊതുജനങ്ങളും സഹായിക്കണമെന്നും അഭ്യർത്ഥിച്ചു.

അതേസമയം, കാണാതായവർക്കായുള്ള തിരച്ചിൽ ദൗത്യം കൂടുതൽ ശക്തമാക്കി ലക്ഷദ്വീപ് ഭരണകൂടം ഉത്തരവിട്ടു. വെള്ളത്തിനടിയിൽ പരിശോധന നടത്താൻ ശേഷിയുള്ള ആധുനിക റോബോട്ടിക് സാങ്കേതികവിദ്യയുമായി ഫിഷറീസ് വകുപ്പിന്റെ ‘എം.എഫ്.വി ബ്ലൂഫിൻ’ (MFV Bluefin) ബോട്ട് ദൗത്യത്തിന്റെ ഭാഗമായി. ഫിഷറീസ് ഡയറക്ടറുടെ നിർദ്ദേശപ്രകാരം ആർ.ഒ.വി (Remote Operated Vehicle) സജ്ജീകരണങ്ങളുമായി മെക്കാനിക് റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കവരത്തി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഓയുമായി ഏകോപിപ്പിച്ച് കടലിലേക്ക് തിരിച്ചത്.

സുഹേലിയിൽ പട്രോളിംഗ് നടത്തവേ ബോട്ട് ശക്തമായ തിരമാലയിലും ചുഴിയിലും പെട്ട് അപകടത്തിൽപ്പെടുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന അമിനി സ്വദേശിയായ പൊലീസുകാരൻ ഉമർ ഫാറൂഖ് നീന്തി രക്ഷപ്പെട്ടെങ്കിലും, കവരത്തി സ്വദേശിയായ കെ.എം. നബീൽ, ആന്ത്രോത്ത് സ്വദേശിയായ കെ.സി. ഹിദായത്തുള്ള എന്നീ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല. നിലവിൽ പൊലീസ്, നാവികസേന, കോസ്റ്റ് ഗാർഡ്, ലക്ഷദ്വീപ് ഫിഷർമെൻ അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിൽ ഊർജ്ജിത തിരച്ചിൽ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here