കവരത്തി: ലക്ഷദ്വീപ് ഭരണകൂടം ജനങ്ങളുടെ ജനാധിപത്യപരമായ പ്രതിഷേധിക്കാനുള്ള അവകാശങ്ങളെ പൂർണ്ണമായി നിഷേധിച്ചുകൊണ്ട് വീണ്ടും കടുത്ത സ്വേച്ഛാധിപത്യ ഉത്തരവിറക്കിയിരിക്കുന്നു. ലക്ഷദ്വീപ് ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ശിവം ചന്ദ്ര ഐ.എ.എസ്. ആണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (BNSS) 163-ാം വകുപ്പ് പ്രകാരം (പഴയ സി.ആർ.പി.സി 144) ദ്വീപുകളിൽ അറുപത് ദിവസത്തേക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഭരണഘടനയുടെ 19(1)(a), 19(1)(b) എന്നീ അനുച്ഛേദങ്ങൾ ഇന്ത്യൻ പൗരന്മാർക്ക് ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യത്തെയും സമാധാനപരമായി ഒത്തുചേരാനുള്ള അവകാശത്തെയും പൂർണ്ണമായും ഹനിക്കുന്നതാണ് ഈ പുതിയ ഉത്തരവെന്ന് പരക്കെ ആക്ഷേപമുയർന്നിട്ടുണ്ട്. ഭരണകൂടത്തിന്റെ വിവേചനപരമായ ഭൂമി ഉത്തരവുകൾക്കെതിരെയും പെട്രോൾ അടക്കമുള്ള അത്യാവശ്യ സാധനങ്ങളുടെ ക്ഷാമത്തിനെതിരെയും സമീപകാലത്ത് അമിനി, അഗത്തി, ആന്ത്രോത്ത്, കവരത്തി ദ്വീപുകളിൽ നടന്ന ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് ഭരണകൂടം ഈ മാരണനിയമം പ്രയോഗിക്കുന്നത്.

Advertisement

പുതിയ ഉത്തരവ് പ്രകാരം ലക്ഷദ്വീപിലെ ജനവാസമുള്ള പത്ത് ദ്വീപുകളിലെയും ഭൂരിഭാഗം പൊതുസ്ഥലങ്ങളും പ്രഖ്യാപിത നിരോധിത മേഖലകളാക്കി മാറ്റിയിരിക്കുകയാണ്. ദ്വീപുകാരുടെ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന ജെട്ടി പരിസരങ്ങളും അതിന്റെ 150 മീറ്റർ ചുറ്റളവും ഇനിമുതൽ നിരോധിത മേഖലയായിരിക്കും. ഇതിനുപുറമേ ഹെലിപാഡ്, വൈദ്യുതി നിലയങ്ങൾ, ഇന്ധന ഡിപ്പോകൾ, കുടിവെള്ള പ്ലാന്റുകൾ, ബി.എസ്.എൻ.എൽ ടവറുകൾ, ഗവൺമെന്റ് ആശുപത്രികൾ, എസ്.ഡി.എം/ബി.ഡി.ഒ ഓഫീസുകൾ, കളക്ടറേറ്റ്, സെക്രട്ടേറിയറ്റ് എന്നിവയുടെയെല്ലാം നിശ്ചിത ചുറ്റളവിൽ അഞ്ചോ അതിലധികമോ ആളുകൾ പ്രതിഷേധ സൂചകമായി ഒത്തുകൂടുന്നത് കർണ്ണശമായി നിരോധിച്ചിരിക്കുന്നു. ജനങ്ങളുടെ ദൈനംദിന ജീവിതം നടക്കുന്ന പ്രധാന കവലകളും സർക്കാർ ഓഫീസുകളുമെല്ലാം ഇത്തരത്തിൽ നിരോധനത്തിലാക്കുന്നതിലൂടെ ജനങ്ങൾക്ക് തങ്ങളുടെ പരാതികൾ അധികാരികളെ ബോധിപ്പിക്കാനുള്ള എല്ലാ വഴികളും അടയുകയാണ് ചെയ്യുന്നത്.

ജനങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ സംരക്ഷിക്കുന്നു എന്ന വ്യാജേന ദ്വീപുകളിൽ പ്രത്യേകം നിശ്ചയിക്കപ്പെട്ട ‘അംഗീകൃത പ്രതിഷേധ സ്ഥലങ്ങൾ’ (Authorised Protest Sites) കണ്ടെത്താൻ മജിസ്ട്രേറ്റുമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും അതിനായി വെച്ചിരിക്കുന്ന നിബന്ധനകൾ തികച്ചും ജനാധിപത്യവിരുദ്ധമാണ്. ഈ നിശ്ചിത സ്ഥലങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കണമെങ്കിൽ പോലും 24 മണിക്കൂർ മുമ്പ് ലക്ഷദ്വീപ് പോലീസ് സൂപ്രണ്ടിൽ നിന്ന് രേഖാമൂലം അനുമതി വാങ്ങിയിരിക്കണം. ഒരു പ്രതിഷേധ പ്രകടനവും നാല് മണിക്കൂറിൽ കൂടാൻ പാടില്ലെന്ന കടുത്ത നിബന്ധനയും ഇതിലുണ്ട്. സമാധാനപരമായി ജനങ്ങൾ നടത്തുന്ന ജനാധിപത്യ സമരങ്ങളെപ്പോലും ക്രിമിനൽ കുറ്റമായി കണ്ട് ആറുമാസം വരെ തടവോ പിഴയോ ലഭിക്കാവുന്ന ഭാരതീയ ന്യായ സംഹിതയിലെ (BNS) 223-ാം വകുപ്പ് പ്രകാരം കേസെടുക്കുമെന്നാണ് ഭരണകൂടത്തിന്റെ ഭീഷണി. ജനകീയ ശബ്ദങ്ങളെ അടിച്ചമർത്താനും ദ്വീപ് ജനതയെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കാനുമുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഈ നീക്കത്തിനെതിരെ വലിയ രീതിയിലുള്ള ജനരോഷമാണ് ദ്വീപുകളിൽ നിന്നും ഉയരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here