ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപിന്റെയും ദാമന്റെയും വികസന ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അയ്യായിരത്തിലധികം കോടി രൂപയുടെ ബഹുതല പദ്ധതികൾക്ക് തുടക്കം കുറിച്ചു. ഇരു പ്രദേശങ്ങളിലെയും കണക്റ്റിവിറ്റി, ആരോഗ്യം, ടൂറിസം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് വൻ കുതിപ്പേകുന്നതാണ് ഈ പദ്ധതികൾ. ദാമനിൽ നമോ എയർപോർട്ടിന്റെ പുതിയ ടെർമിനൽ കെട്ടിടം, 1500 ഒപി രോഗികളെ വരെ ചികിത്സിക്കാൻ ശേഷിയുള്ള നമോ ഹോസ്പിറ്റൽ എന്നിവ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം ഐക്കണിക് ബ്രിഡ്ജ്, എൻ.ഐ.എഫ്.ടി (NIFT) കാമ്പസ് എന്നിവയടക്കം കോടിക്കണക്കിന് രൂപയുടെ മറ്റ് വികസന പ്രവർത്തനങ്ങൾക്ക് ദാമനിൽ തറക്കല്ലിടുകയും ചെയ്തു.

Advertisement

​ഈ വികസന മുന്നേറ്റത്തിൽ ഏറ്റവും തന്ത്രപ്രധാനമായ പ്രാധാന്യമാണ് ലക്ഷദ്വീപിന് രാജ്യം നൽകിയിരിക്കുന്നത്. ദ്വീപിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് 885 കോടി രൂപയുടെ പദ്ധതികൾക്കാണ് പ്രധാനമന്ത്രി തറക്കല്ലിട്ടത്. കൽപ്പേനി, കടമത്ത് ദ്വീപുകളുടെ ഇരുവശങ്ങളിലുമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള തുറമുഖ വികസനമാണ് ഇതിലൂടെ നടപ്പിലാക്കുന്നത്. 300 മീറ്റർ വരെ നീളമുള്ള വൻകിട യാത്രാ-ക്രൂയിസ് കപ്പലുകൾക്ക് വർഷം മുഴുവൻ സുരക്ഷിതമായി അടുക്കാൻ സാധിക്കുന്ന മൾട്ടി പർപ്പസ് ജെട്ടികൾ നിർമ്മിക്കുന്നതോടെ ലക്ഷദ്വീപ് ആഗോള ടൂറിസം ഭൂപടത്തിൽ പ്രധാന കേന്ദ്രമായി മാറും. കടൽമാർഗ്ഗമുള്ള യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുന്നതിനൊപ്പം മത്സ്യസംസ്കരണം, ഇന്ധന വിതരണം, ഐസ് സംഭരണം, ബോട്ട് അറ്റകുറ്റപ്പണി തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ ദ്വീപിലെ ജനങ്ങൾക്ക് ലഭ്യമാകും. ലക്ഷദ്വീപിന്റെ ആഭ്യന്തര സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിക്കാനും പ്രാദേശിക മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവിതനിലവാരം ഉയർത്താനും ടൂറിസം വഴി വൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ പദ്ധതികൾക്ക് സാധിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വിലയിരുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here