
കവരത്തി: ലക്ഷദ്വീപ് കപ്പൽ ടിക്കറ്റ് ബുക്കിംഗുമായി ബന്ധപ്പെട്ട് നടന്ന വൻ സൈബർ തട്ടിപ്പും കരിഞ്ചന്ത വിൽപനയും ലക്ഷദ്വീപ് പോലീസ് പുറത്തുകൊണ്ടുവന്നു. ഐ.ആർ.സി.ടി.സി.യുമായി ചേർന്ന് പ്രവർത്തിക്കുന്ന ഓൺലൈൻ ടിക്കറ്റിംഗ് പോർട്ടൽ വഴി ടിക്കറ്റുകൾ അനധികൃതമായി തടഞ്ഞുവെച്ച് ഉയർന്ന വിലയ്ക്ക് മറിച്ചുവിൽപ്പന നടത്തുന്ന സംഘമാണ് പിടിയിലായത്. മിനിക്കോയ് സ്വദേശികളായ അസീസ്, മുനീഫ് എന്നിവരെയും ആന്ത്രോത്ത് സ്വദേശികളായ സഫർ ജിബ്രീൽ, ഫരീദ് എന്നിവരെയുമാണ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. മിനിക്കോയ്, കൊച്ചി, കവരത്തി എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

അത്യാധുനിക ബോട്ടുകൾ, സ്ക്രിപ്റ്റുകൾ, ഓട്ടോമേറ്റഡ് സിസ്റ്റങ്ങൾ എന്നിവ ഉപയോഗിച്ച് ടിക്കറ്റുകൾ റിലീസ് ചെയ്യുന്ന നിമിഷം തന്നെ അവ കൂട്ടത്തോടെ ബ്ലോക്ക് ചെയ്യുന്ന രീതിയാണ് പ്രതികൾ പിന്തുടർന്നിരുന്നത്. ഇതുമൂലം സാധാരണ യാത്രക്കാർക്ക് ടിക്കറ്റ് ലഭിക്കാത്ത സാഹചര്യം ഉണ്ടാവുകയും തുടർന്ന് ഇവ കരിഞ്ചന്തയിൽ ഉയർന്ന വിലയ്ക്ക് വിൽക്കുകയും ചെയ്തിരുന്നു. ആസൂത്രിതമായ ഒരു ശൃംഖല തന്നെ ഈ തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചിരുന്നതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മുമ്പ് നിലവിലിരുന്ന ലാക്പോർട്ട് എൻ.ഐ.സി പോർട്ടലിലും സമാനമായ രീതിയിൽ ഇവർ കൃത്രിമം നടത്തിയിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ടിക്കറ്റ് ബുക്കിംഗിന് നിർബന്ധിത ആധാർ അധിഷ്ഠിത പരിശോധന ഇല്ലാത്തത് തട്ടിപ്പുകാർക്ക് സഹായകമായതായും അന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.
പ്രതികളിൽ നിന്ന് 20 ലധികം മൊബൈൽ ഫോണുകൾ, അഞ്ച് ലാപ്ടോപ്പുകൾ, ഡെസ്ക്ടോപ്പ് സിപിയു, 80 ഓളം സിം കാർഡുകൾ, വൈഫൈ മോഡമുകൾ, പെൻഡ്രൈവുകൾ എന്നിവ പോലീസ് റെയ്ഡിൽ പിടിച്ചെടുത്തു. ഇവയിൽ നിന്ന് നിർണ്ണായകമായ ഡിജിറ്റൽ തെളിവുകളും സാമ്പത്തിക ഇടപാടുകളുടെ രേഖകളും ലഭിച്ചിട്ടുണ്ട്. ഇലക്ട്രോണിക് തെളിവുകൾ നശിപ്പിക്കാൻ കഴിയില്ല എന്നതിനാൽ തന്നെ ശക്തമായ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ട് പോകാനാണ് പോലീസ് തീരുമാനം. അന്വേഷണ സംഘം ഹാജരാക്കിയ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികൾ കുറ്റം സമ്മതിച്ചതായാണ് വിവരം.

ലക്ഷദ്വീപ് പോലീസ് സൂപ്രണ്ട് ഉത്കർഷ് ഐ.പി.എസിന്റെ മേൽനോട്ടത്തിൽ കവരത്തി എസ്.എച്ച്.ഒ അലി അക്ബറാണ് കേസിന്റെ അന്വേഷണം നടത്തുന്നത്. ആന്ത്രോത്ത് സ്വദേശി സയ്യിദ് ഹംദുള്ള നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെയും ഇൻഫർമേഷൻ ടെക്നോളജി ആക്റ്റിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ കവരത്തി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ഒരാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കുടുംബാംഗങ്ങളുടെയോ മറ്റുള്ളവരുടേയോ ഐ.ഡി ഉപയോഗിച്ച് ടിക്കറ്റ് എടുത്തു നൽകുന്നതും അതിനായി അധിക പണം ഈടാക്കുന്നതും കുറ്റകരമാണെന്നും ഇത്തരം നടപടികളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
















