കവരത്തി: ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തിയിൽ പെട്രോളിനും ഡീസലിനും (HSD) നേരിടുന്ന കടുത്ത ക്ഷാമത്തിൽ പ്രതിഷേധിച്ച് ട്രാൻസ്പോർട്ടിങ് വെഹിക്കിൾ ഓണേഴ്സ് അസോസിയേഷൻ സമരത്തിലേക്ക്. ജനുവരി 24 മുതൽ ദ്വീപിലെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്ന് ഡീസൽ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അസോസിയേഷൻ ജില്ലാ കളക്ടർക്ക് പരാതി നൽകി. നിലവിൽ ഔട്ട്‌ലെറ്റുകളിൽ സ്റ്റോക്കുണ്ടെങ്കിലും അത് ഇലക്ട്രിസിറ്റി, പോർട്ട് വകുപ്പുകൾക്കായി മാറ്റിവെച്ചിരിക്കുകയാണെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ഇന്ധനം ലഭിക്കാത്തതിനെ തുടർന്ന് ഇന്ന് കവരത്തിയിൽ വാഹന ഉടമകൾ ഹർത്താൽ ആചരിക്കുകയാണ്.

ദ്വീപിലെ വിവിധ നിർമ്മാണ പ്രവർത്തനങ്ങൾക്കായി സാധനങ്ങൾ എത്തിക്കുന്ന ഇരുപതോളം ട്രാക്ടറുകൾ, പിക്ക് അപ്പ് വാനുകൾ, ഓട്ടോ ടെമ്പോകൾ, ഡീസൽ ഓട്ടോകൾ എന്നിവയ്ക്ക് പുറമെ ഇരുന്നൂറോളം ബോട്ട് ഉടമകളും ഈ പ്രതിസന്ധി മൂലം ദുരിതത്തിലാണ്. ബാങ്ക് ലോൺ എടുത്തും മറ്റും വാഹനങ്ങൾ വാങ്ങിയ തങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ഉടമകൾ പറയുന്നു. ഇന്ധനക്ഷാമം കാരണം ചരക്ക് കപ്പലുകളിൽ നിന്നുള്ള സാധനങ്ങൾ ഇറക്കാനാവാതെ ഫിഷറീസ് ജെട്ടിയിൽ കുടുങ്ങിക്കിടക്കുകയാണ്. പ്രശ്നത്തിന് അടിയന്തരമായി ശാശ്വത പരിഹാരം കാണണമെന്നും തങ്ങളുടെ ഉപജീവനമാർഗം സംരക്ഷിക്കണമെന്നുമാണ് വാഹന ഉടമകളുടെ ആവശ്യം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here