കവരത്തി: എഴുപത്തിയേഴാമത് റിപ്പബ്ലിക് ദിനം ലക്ഷദ്വീപിലെ പത്ത് ദ്വീപുകളിലും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. തലസ്ഥാന ദ്വീപായ കവരത്തി സ്കൂൾ സ്റ്റേഡിയത്തിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവ് ഡോ. എസ്.ബി. ദീപക് കുമാർ ഐ.എ.എസ് ദേശീയ പതാക ഉയർത്തി പരേഡിന് അഭിവാദ്യം സ്വീകരിച്ചു. ലക്ഷദ്വീപ് എം.പി അഡ്വ. ഹംദുള്ള സയീദ്, കളക്ടർ ഡോ. ഗിരി ശങ്കർ, വിവിധ സൈനിക മേധാവികൾ, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക പ്രമുഖർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

​ദ്വീപ് നിവാസികളുടെ വൻ സാന്നിധ്യത്തിൽ നടന്ന പരേഡിന് ഐ.ആർ.ബി.എൻ ഇൻസ്‌പെക്ടർ ദിഗേന്ദ്ര സിംഗ് വി. സോളങ്കി നേതൃത്വം നൽകി. സി.ആർ.പി.എഫ്, സി.ആർ.പി.എഫ് മഹിളാ വിങ്ങുകൾ, ലക്ഷദ്വീപ് പോലീസ്, പോലീസ് കമാൻഡോകൾ, ഇന്ത്യ റിസർവ് ബറ്റാലിയൻ, പോലീസ് ബാൻഡ്, എൻ.സി.സി, എൻ.എസ്.എസ് തുടങ്ങി 11 പ്ലാറ്റൂണുകൾ പരേഡിൽ അണിനിരന്നു. മാർച്ച് പാസ്റ്റിൽ പോലീസ് കമാൻഡോ പ്ലാറ്റൂണും, നിശ്ചലദൃശ്യ വിഭാഗത്തിൽ പരിസ്ഥിതി വനം വകുപ്പും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

Advertisement

​ലക്ഷദ്വീപിന്റെ സമഗ്ര വികസനത്തിനായി വിദ്യാഭ്യാസം, ആരോഗ്യം, വിവരസാങ്കേതികവിദ്യ, ടൂറിസം, ഗതാഗതം, മത്സ്യബന്ധനം, കൃഷി എന്നീ മേഖലകളിൽ ഭരണകൂടം സുപ്രധാന പദ്ധതികൾക്ക് തുടക്കം കുറിച്ചതായി റിപ്പബ്ലിക് ദിന സന്ദേശത്തിൽ ഡോ. എസ്.ബി. ദീപക് കുമാർ വ്യക്തമാക്കി. ചടങ്ങിന് പിന്നാലെ കലാ-സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ ദ്വീപുകളിൽ നിന്നുള്ള കലാകാരന്മാർ ലക്ഷദ്വീപിന്റെ തനത് നൃത്തരൂപങ്ങൾ അവതരിപ്പിച്ചു. മറ്റ് ഒമ്പത് ദ്വീപുകളിലും അതത് ഡെപ്യൂട്ടി കളക്ടർമാരും ഡാനിക്സ് ഉദ്യോഗസ്ഥരും ദേശീയ പതാക ഉയർത്തി പരേഡുകൾക്ക് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here