കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഒന്നടങ്കം നിരാശയിലാഴ്ത്തിക്കൊണ്ട് ടീമിലെ ഇരട്ട സഹോദരങ്ങളായ മുഹമ്മദ് ഐമനും മുഹമ്മദ് അസ്ഹറും ക്ലബ്ബ് വിട്ടു. ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ പരസ്പര സമ്മതത്തോടെ റദ്ദാക്കിയ താരങ്ങൾ ഇനി ഐ.എസ്.എല്ലിലെ പുതിയ ടീമായ സ്പോർട്ടിങ് ക്ലബ് ഡൽഹിക്ക് (SC Delhi) വേണ്ടി പന്ത് തട്ടും. 2025-26 സീസണിന് മുന്നോടിയായി ഫ്രീ ഏജന്റുകളായാണ് ഇരുവരും ഡൽഹി ടീമിലേക്ക് ചേക്കേറുന്നത്. ഇതോടെ തങ്ങളുടെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച മുൻ പരിശീലകൻ തോമസ് ചോർസിനൊപ്പം വീണ്ടും ഒന്നിക്കാനുള്ള അവസരവും ഇവർക്ക് ലഭിക്കും.

Advertisement

​ബ്ലാസ്റ്റേഴ്‌സിനോടും ആരാധകരോടും വികാരനിർഭരമായ കുറിപ്പോടെയാണ് ഐമനും അസ്ഹറും യാത്രപറഞ്ഞത്. “ഒരിക്കൽ ബ്ലാസ്റ്റർ ആണെങ്കിൽ എപ്പോഴും ബ്ലാസ്റ്റർ തന്നെയായിരിക്കും” എന്ന ഹാഷ്‌ടാഗോടെ പങ്കുവെച്ച കുറിപ്പിൽ, ടീമിനൊപ്പമുള്ള ഓരോ നിമിഷവും വിലപ്പെട്ടതാണെന്നും തങ്ങളെ മികച്ച കളിക്കാരാക്കി മാറ്റിയ പരിശീലകർക്കും സഹതാരങ്ങൾക്കും നന്ദി പറയുന്നതായും കുറിച്ചു. ബ്ലാസ്റ്റേഴ്‌സ് ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പടയുടെ പിന്തുണ തങ്ങൾക്ക് കുടുംബം പോലെയായിരുന്നുവെന്നും പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ തങ്ങൾ തയ്യാറാണെന്നും ഇരുവരും ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി. ബ്ലാസ്റ്റേഴ്‌സ് യൂത്ത് അക്കാദമിയിലൂടെ വളർന്നു വന്ന ഈ പ്രതിഭകളുടെ വിടവാങ്ങൽ ക്ലബ്ബിന് വലിയൊരു നഷ്ടം തന്നെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here