കൊച്ചി: ലക്ഷദ്വീപ് ഗെയിംസ് ഫുട്ബോൾ ടൂർണമെന്റിനിടെയുണ്ടായ സംഘർഷങ്ങളുടെ പേരിൽ കവരത്തി റീജിയണൽ സ്പോർട്സ് കൗൺസിലിലെ (ആർ.എസ്.സി.) കളിക്കാർക്കും ഒഫീഷ്യൽസിനുമെതിരെ കായിക യുവജനകാര്യ വകുപ്പ് ഏർപ്പെടുത്തിയ വിലക്കിന് കേരള ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. കവരത്തി ആർ.എസ്.സി. ടീമിലെ 18 കളിക്കാർ സമർപ്പിച്ച ഹർജിയിലാണ് (WP(C) NO. 45185 OF 2025) ജസ്റ്റിസ് വി.ജി. അരുൺ ഉത്തരവിട്ടത്.

​2025 ഡിസംബർ 1-ന് പുറപ്പെടുവിച്ച ഉത്തരവിൽ, വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള ലക്ഷദ്വീപ് ഡയറക്ടർ ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്‌സിന്റെ നവംബർ 19-ലെ (എക്സിബിറ്റ് പി4) ഉത്തരവിന്റെ തുടർനടപടികൾ ഹൈക്കോടതി താൽക്കാലികമായി നിർത്തിവച്ചു.

വിലക്കിന് പിന്നിൽ:

2025 ഒക്ടോബർ 20-ന് ആർ.എസ്.സി. കവരത്തിയും ആർ.എസ്.സി. കിൽത്താനും തമ്മിൽ നടന്ന ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ അച്ചടക്ക ലംഘനങ്ങളുടെ പേരിലാണ് കായിക യുവജനകാര്യ വകുപ്പ് കടുത്ത നടപടി സ്വീകരിച്ചത്. മാച്ച് റഫറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, 16 കളിക്കാർ, ഒരു ടീം മാനേജർ, ഒരു കോച്ച് എന്നിവരടക്കം 18 പേരെ 2026 മാർച്ച് 31 വരെയും മറ്റ് 4 പേരെ 2027 മാർച്ച് 31 വരെയും കായിക മത്സരങ്ങളിൽ നിന്ന് വിലക്കിയിരുന്നു.

ഹൈക്കോടതി ഇടപെടൽ:

ഹർജി പരിഗണിച്ച കോടതി, വിലക്ക് നേരിടുന്ന കളിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദങ്ങൾ കണക്കിലെടുത്തു. കളിക്കാർക്കെതിരെ നൽകിയ കാരണം കാണിക്കൽ നോട്ടീസിലോ (എക്സിബിറ്റ് പി2) മറ്റു റിപ്പോർട്ടുകളിലോ തങ്ങളുടെ പേരുകൾ പരാമർശിച്ചിട്ടില്ലെന്നും, ഗ്രൗണ്ടിലെ സംഘർഷത്തിൽ തങ്ങൾക്ക് പങ്കുണ്ടായിരുന്നതിന് തെളിവുകളില്ലെന്നും ഹർജിക്കാർ വാദിച്ചു.

​കൂടാതെ, ഈ വ്യക്തിഗത വിലക്ക് കാരണം ലക്ഷദ്വീപ് ഫുട്ബോൾ ടീമിന് സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ ട്രയലുകളിൽ പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെടുമെന്ന സുപ്രധാന വിഷയവും ഹർജിക്കാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

​ഇവ പരിഗണിച്ച്, ഹർജിക്കാർക്ക് ഇടക്കാല ഉത്തരവിന് അർഹതയുണ്ടെന്ന് നിരീക്ഷിച്ച കോടതി, വിലക്ക് ഉത്തരവിൻമേൽ സ്റ്റേ അനുവദിക്കുകയായിരുന്നു. കേസ് കൂടുതൽ പരിഗണിക്കുന്നതിനായി 2026 ജനുവരി 8-ലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here