
റാഞ്ചി: കായികലോകത്തെ എല്ലാ വെല്ലുവിളികളെയും മറികടന്ന് ലക്ഷദ്വീപിൽ നിന്നുള്ള യുവ അത്‌ലറ്റ് മുബസ്സിന മുഹമ്മദ് ദേശീയ ശ്രദ്ധ നേടുന്നു. റാഞ്ചിയിൽ ഒക്ടോബർ 24 മുതൽ 26 വരെ നടന്ന നാലാമത് സൗത്ത് ഏഷ്യൻ സീനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലെ (SAAF) വനിതകളുടെ ലോങ് ജമ്പ് ഫൈനലിലാണ് മുബസ്സിന വെള്ളി മെഡൽ കരസ്ഥമാക്കിയത്.
ആറ് ശ്രമങ്ങളിൽ ആദ്യ ചാട്ടത്തിൽ തന്നെ 6.07 മീറ്റർ ദൂരം കണ്ടെത്തിയ മുബസ്സിന വെള്ളി മെഡൽ ഉറപ്പിച്ചു. ശ്രീലങ്കയുടെ ഹെരത്ത് മുടിയൻസ് എൻ. എം. (Herath Mudiyans N. M.) 6.23 മീറ്റർ ചാടി സ്വർണം നേടിയപ്പോൾ, 6.02 മീറ്റർ ചാടിയ ഇന്ത്യയുടെ ഭവാനി യാദവ് ഭാഗവതിക്കാണ് വെങ്കലം.
വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളോ സിന്തറ്റിക് ട്രാക്കോ ഇല്ലാത്ത ലക്ഷദ്വീപ് പോലുള്ള ഒരു പ്രദേശത്ത് നിന്ന് 19 വയസ്സുള്ള ഒരു കായികതാരം രാജ്യത്തിൻ്റെ അന്താരാഷ്ട്ര വേദിയിൽ മെഡൽ നേടുന്നത് വലിയ പ്രചോദനമാണ്.
തെങ്ങുകയറ്റ തൊഴിലാളിയായ മുഹമ്മദിൻ്റെയും ചായക്കട നടത്തുന്ന ദുബീന ബാനുവിൻ്റെയും മകളാണ് മുബസ്സിന മുഹമ്മദ്. ചെറുപ്പത്തിൽ തന്നെ ഓട്ടത്തിൽ അസാമാന്യ കഴിവ് പ്രകടിപ്പിച്ച മുബസ്സിന, അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതിർന്നവർ പങ്കെടുത്ത മിനി മാരത്തോണിൽ വിജയിച്ച് ഒരു ലക്ഷം രൂപ സമ്മാനമായി നേടിയിരുന്നു.
മികച്ച പരിശീലനത്തിനായി അത്‌ലറ്റിക് കോച്ച് ജവാദ് ഹസന്റെ കീഴിൽ പരിശീലനം നേടുന്നതിനായി കുടുംബത്തോടൊപ്പം മിനിക്കോയിൽ നിന്ന് കവരത്തിയിലേക്ക് താമസം മാറിയും, മഴ വരുമ്പോൾ മുടങ്ങിപ്പോകുന്ന മൺട്രാക്കിൽ പരിശീലനം നടത്തിയും, മറ്റ് കളിക്കാർക്കായി ട്രാക്ക് ഒഴിഞ്ഞുകൊടുത്തുമൊക്കെയായിരുന്നു മുബസ്സിനയുടെ കായിക ജീവിതത്തിൻ്റെ ആദ്യ നാളുകൾ. 2022-ലെ ഏഷ്യൻ അണ്ടർ 18 ചാമ്പ്യൻഷിപ്പിൽ ഹെപ്റ്റാത്‌ലണിലും ലോങ് ജമ്പിലും മെഡലുകൾ നേടി താരം തൻ്റെ കഴിവ് തെളിയിച്ചു.
ദേശീയ തലത്തിലെ ഈ പ്രകടനം മുൻനിർത്തി, ദ്രോണാചാര്യ അവാർഡ് ജേതാവും ഇന്ത്യൻ ലോങ് ജമ്പ് ഇതിഹാസം അഞ്ജു ബോബി ജോർജിൻ്റെ ഭർത്താവുമായ റോബർട്ട് ബോബി ജോർജിന്റെ കീഴിൽ ബാംഗ്ലൂരിലെ അഞ്ജു ബോബി സ്പോർട്സ് ഫൗണ്ടേഷനിൽ പരിശീലനം ആരംഭിച്ചത് മുബസ്സിനയുടെ കരിയറിൽ വഴിത്തിരിവായി. ഈ വർഷം ആദ്യം നടന്ന ഇന്ത്യൻ ഓപ്പൺ അണ്ടർ 23 അത്‌ലറ്റിക്സ് മത്സരത്തിൽ 6.36 മീറ്റർ ചാടി മുബസ്സിന സ്വർണം നേടിയിരുന്നു, ഇത് താരത്തിൻ്റെ വ്യക്തിപരമായ ഏറ്റവും മികച്ച ദൂരമാണ്. പ്രതികൂല സാഹചര്യങ്ങളെ തൻ്റെ നിശ്ചയദാർഢ്യം കൊണ്ട് മറികടന്ന മുബസ്സിനയുടെ നേട്ടം ലക്ഷദ്വീപിൻ്റെ കായിക ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായമാണ്.
















