കൊച്ചി: ​കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്), ലക്ഷദ്വീപിലെ കവരത്തിയിൽ മറൈൻ ബയോളജി സെന്റർ (MBC–L) സ്ഥാപിക്കാൻ ഒരുങ്ങുന്നു. ഭൗമശാസ്ത്ര മന്ത്രാലയത്തിൻ്റെ (MoES) ഡീപ് ഓഷ്യൻ മിഷൻ്റെ ഭാഗമായ സ്പോക്ക് സ്ഥാപനമായാകും ഈ കേന്ദ്രം പ്രവർത്തിക്കുക. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ്റെ അഭ്യർത്ഥനകൾ പരിഗണിച്ച് കുഫോസിൻ്റെ ഭരണസമിതി യോഗം ഈ സുപ്രധാന പദ്ധതിക്ക് അംഗീകാരം നൽകി. മറൈൻ ജീനോമിക്സ്, പവിഴപ്പുറ്റുകളുടെ പുനഃസ്ഥാപനം (Coral Restoration), ബ്ലൂ ബയോടെക്നോളജി എന്നിവയ്ക്കായുള്ള അത്യാധുനിക ലബോറട്ടറികൾ പുതിയ സെന്ററിൽ സജ്ജീകരിക്കും. ദീർഘകാല പാരിസ്ഥിതിക നിരീക്ഷണത്തിനായി തീരദേശ, ഓഫ്‌ഷോർ ഫീൽഡ് ഗവേഷണ കേന്ദ്രങ്ങളും തദ്ദേശീയ പങ്കാളിത്തത്തോടെയുള്ള മറൈൻ പുനഃസ്ഥാപന സംരംഭങ്ങളും ഇവിടെയുണ്ടാകും. കൂടാതെ, ഈ സെന്ററുമായി സഹകരിച്ച് മറൈൻ സയൻസസിൽ അഞ്ച് വർഷത്തെ ഇൻ്റഗ്രേറ്റഡ് ബിരുദാനന്തര കോഴ്സുകളും (FYIPGP) ആരംഭിക്കാൻ തീരുമാനിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസുമായി (ICCS) സഹകരിച്ച് കാലാവസ്ഥാ ഡാറ്റാ സയൻസിൽ (Climate and Data Science) നാല് വർഷത്തെ ബിരുദ കോഴ്സുകൾ (FYUGP) തുടങ്ങാനും, ICAR-സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്രാക്കിഷ് വാട്ടർ അക്വാകൾച്ചർ (CIBA), ചെന്നൈ, ICCS, കോട്ടയം എന്നിവയെ കുഫോസിൻ്റെ ഗവേഷണ കേന്ദ്രങ്ങളായി അംഗീകരിക്കുന്നതിനും ഭരണസമിതി അനുമതി നൽകിയിട്ടുണ്ട്. ഇതിനുപുറമെ, വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് സ്കോളർഷിപ്പ് തുക ₹2,500 ൽ നിന്ന് ₹5,000 ആയി വർദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ പുതിയ മറൈൻ ബയോളജി സെന്റർ ലക്ഷദ്വീപിൻ്റെ തനതായ സമുദ്ര ആവാസവ്യവസ്ഥയെക്കുറിച്ചുള്ള ഗവേഷണങ്ങൾക്ക് വലിയ മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here