കവരത്തി: തെക്കുകിഴക്കൻ അറബിക്കടലിലും ലക്ഷദ്വീപ് പ്രദേശത്തും ന്യൂനമർദ്ദം ശക്തിപ്പെട്ടതിനെ തുടർന്ന് ലക്ഷദ്വീപ് ഭരണകൂടം അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ലക്ഷദ്വീപ് ദുരന്ത നിവാരണ അതോറിറ്റി (DDMA) പുറത്തിറക്കിയ സർക്കുലർ പ്രകാരം, നിലവിൽ രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത 36 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി (Depression) ശക്തിപ്പെടാൻ സാധ്യതയുണ്ട്.

അറബിക്കടലിലെ ഈ കാലാവസ്ഥാ മാറ്റം കണക്കിലെടുത്ത്, ദ്വീപ് സമൂഹത്തിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.

 

കാലാവസ്ഥാ മുന്നറിയിപ്പ് (ഒക്ടോബർ 18-22): തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി ലക്ഷദ്വീപ് മേഖലയിൽ കാലാവസ്ഥാ മാറ്റങ്ങൾ ഇങ്ങനെയായിരിക്കും.

ഒക്ടോബർ 19 വരെ: ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റോടുകൂടിയ കാലാവസ്ഥ (Squally Weather) അനുഭവപ്പെടാൻ സാധ്യതയുണ്ട്.

ഒക്ടോബർ 19 മുതൽ 22 വരെ: കാറ്റിന്റെ വേഗത വീണ്ടും വർദ്ധിക്കാൻ സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റ് വീശിയേക്കും.

അതിശക്തമായ മഴ (Orange Alert): ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ, ഒക്ടോബർ 18, 19 തീയതികളിൽ ലക്ഷദ്വീപിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അതിശക്തമായ മഴയ്‌ക്ക് (Heavy to Very Heavy Rainfall) സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

മൽസ്യബന്ധന വിലക്ക്

കടലിൽ ശക്തമായ കാറ്റും പ്രക്ഷുബ്ധമായ കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ, മൽസ്യത്തൊഴിലാളികൾ ഈ ദിവസങ്ങളിൽ കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചു.

കൂടാതെ, എല്ലാ ഡെപ്യൂട്ടി കലക്ടർമാർക്കും ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർമാർക്കും പൊതുജനങ്ങൾക്ക് അപകടസാധ്യത ഒഴിവാക്കുന്നതിനുള്ള അടിയന്തര അറിയിപ്പുകൾ പൊതുവായി പ്രഖ്യാപനം ചെയ്യാനും നടപടികൾ സ്വീകരിക്കാനും ലക്ഷദ്വീപ് ഭരണകൂടം നിർദേശം നൽകി. പൊതുജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള സജ്ജീകരണങ്ങളും ഒരുക്കാൻ നിർദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here