
കവരത്തി: ജാർഖണ്ഡിലെ റാഞ്ചിയിൽ വെച്ച് നടക്കുന്ന സൗത്ത് ഏഷ്യൻ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിനായി മത്സരിക്കാൻ ലക്ഷദ്വീപ് താരം മുബസ്സിന മുഹമ്മദ് യോഗ്യത നേടി. 2025 ഒക്ടോബർ 24, 25, 26 തീയതികളിലാണ് ചാമ്പ്യൻഷിപ്പ് നടക്കുക.
അണ്ടർ-20 വിഭാഗത്തിൽ ലോങ് ജമ്പ് ഇനത്തിലാകും മുബസ്സിന ഇന്ത്യയെ പ്രതിനിധീകരിക്കുക. അടുത്തിടെ നടന്ന 40-ാമത് നാഷണൽ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച താരമാണ് മുബസ്സിന. അന്ന് 6.30 മീറ്റർ ദൂരം താണ്ടിയാണ് മുബസ്സിന ഈ നേട്ടം കൈവരിച്ചത്.
‘ലക്ഷദ്വീപിന്റെ പറക്കും പെൺകുട്ടി’ (Flying Girl of Lakshadweep) എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന മുബസ്സിന, ഇന്ത്യൻ കായികരംഗത്ത് ലക്ഷദ്വീപിന്റെ സാന്നിധ്യം അടയാളപ്പെടുത്തുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നു.
