കവരത്തി: ഇന്ത്യയുടെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെ 68 ആം പിറവി ദിനം ആഘോഷമാക്കി ദ്വീപ് അഡ്മിനിസ്ട്രേഷൻ. പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി അഡ്മിനിസ്ട്രേഷന്റെ നേതൃത്വത്തിൽ എല്ലാ ദ്വീപുകളിലും വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ലക്ഷദ്വീപ് തലസ്ഥാനമായ കവരത്തി ദ്വീപിലെ ഗാന്ധി സ്ക്വയറിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവ് രാഹുൽ സിംഗ് ദേശീയ പതാക ഉയർത്തി പരേഡിനെ അഭിവാദ്യം ചെയ്ത് കൊണ്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. എസ് എസ് പി സമീർ ശർമ യോഗത്തിൽ പങ്കെടുത്തു.
ഇന്ത്യൻ നേവി, സി ആർ പി എഫ്, ലക്ഷദ്വീപ് പോലിസ്, ഇന്ത്യ റിസേർവ് ബറ്റാലിയൻ, എൻ സി സി,സ്കൗട്ട്, എൻ എസ് എസ്, കേന്ദ്രിയ വിദ്യാലയം ഉൾപ്പെടെയുള്ള സേനാ, അർദ്ധസേനാ വിഭാഗങ്ങളും വിദ്യാത്ഥികളും പരേഡിൽ അണിനിരന്നു. കവരത്തി സ്കൂൾ കോംപ്ലക്സ് വിദ്യാത്ഥികളുടെ ബാൻഡ് മേളം ചടങ്ങിന്റെ മുഖ്യാകർഷണമായിരുന്നു. കളക്ടർ ആർ ഗിരി ശങ്കർ, വകുപ്പ് തല സെക്രട്ടറിമാരായ അവനേഷ് കുമാർ, അർജുൻ മോഹൻ, ശൈലേന്ത്ര സിംഗ് പരിഹാർ തുടങ്ങിയവർ കവരത്തിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.