മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ കാംപ്റ്റീ എൻ.സി.സി ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ രണ്ടര മാസത്തെ പ്രീ കമ്മീഷൻ ട്രൈനിംഗിൽ പങ്കെടുത്ത ആന്ത്രോത്ത് ദ്വീപിലെ മഹാത്മാ ഗാന്ധി സീനിയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായ സയ്യിദ് അമാനുള്ള പുത്തലം കമാൻഡന്റിന്റെ വെള്ളിമേഡലിന് അർഹനായി. ട്രൈനിംഗിലെ മികച്ച രണ്ടാമത്തെ കേഡറ്റിന് ലഭിക്കുന്നതാണ് ഈ അംഗീകാരം. ഒക്ടോബർ 9-ന് നടക്കുന്ന പാസ്സിങ്ങ് ഔട്ട് പരേഡിൽ വെച്ചു പരേഡ് റീവ്യൂയിങ്ങ് ഓഫീസർ മെഡൽ നൽകും. പരേഡിന് ശേഷം നടക്കുന്ന പിപ്പിങ് സെറിമണിയിൽ വെച്ചു എൻ.സി.സി നേവി സീനിയർ ഡിവിഷൻ അസോസിയേറ്റ് എൻ.സി.സി ഓഫീസർ ആയി സത്യപ്രതിജ്ഞ ചെയ്യും. സബ് ലെഫ്റ്റനന്റ് പദവിയിൽ ആണ് തുടക്ക നിയമനം. കേരള, ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ചാണ് അമാനുള്ള പുത്തലം ക്യാമ്പിൽ പങ്കെടുത്തത്. അഞ്ഞൂറോളം വരുന്ന ക്യാമ്പ് അംഗങ്ങളിൽ നിന്നാണ് മികച്ച രണ്ടാമത്തെ കാഡറ്റായി അമാനുള്ള പുത്തലം വെള്ളി മെഡലിന് അർഹത നേടിയത്.
2014 റിപ്പബ്ലിക് ദിനത്തിൽ അഡ്മിനിസ്ട്രേറ്ററുടെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിക്കുള്ള മെറിറ്റ് അവാർഡ് നേടിയിരുന്നു. കലിക്കറ്റ് യൂണിവേഴ്‌സിറ്റി സെന്റർ കടമത്ത് ദ്വീപിലെ മുൻ കോളേജ് യൂണിയൻ ചെയർമാൻ ആയിരുന്നു അമാനുള്ള.