
ന്യൂഡൽഹി: വോട്ടർ പട്ടികയിലെ തീവ്ര തിരുത്തൽ (എസ്.ഐ.ആർ) നടപടികളിൽ അട്ടിമറി ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (CJP) സംഘടിപ്പിക്കുന്ന ‘പ്രൊട്ടസ്റ്റ് 2.0’ നാളെ (ഒക്ടോബർ 10) ഡൽഹിയിൽ നടക്കും. നാളെ നടക്കാനിരിക്കുന്ന കൂറ്റൻ പ്രതിഷേധം തടയുന്നതിനായി ഡൽഹി പോലീസും കേന്ദ്ര സർക്കാരും തലസ്ഥാനത്ത് കടുത്ത ഗതാഗത-സുരക്ഷാ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. ജന്തർ മന്തറിലെ സമരത്തിന് പോലീസ് അനുമതി നിഷേധിച്ചതിന് പുറമെ, ഡൽഹിയിലെ രാജീവ് ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ്, മണ്ഡി ഹൗസ് ഉൾപ്പെടെയുള്ള 57 പ്രധാന മെട്രോ സ്റ്റേഷനുകൾ അനിശ്ചിതകാലത്തേക്ക് പൂർണ്ണമായി അടച്ചിടാനും, ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനുകളിലേക്ക് എത്തുന്ന രാജധാനി ഉൾപ്പെടെയുള്ള ദീർഘദൂര എക്സ്പ്രസ്/മെയിൽ ട്രെയിൻ സർവീസുകൾ റദ്ദാക്കാനും റെയിൽവേ നിർദേശം നൽകിയിരുന്നു.
എന്നാൽ, പൊതുജനങ്ങളെ ദുരിതത്തിലാക്കുന്ന ഈ കടുത്ത നിയന്ത്രണങ്ങൾക്കെതിരെ സുപ്രീം കോടതി രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് കേസ് അടിയന്തിരമായി പരിഗണിക്കുകയും, “ഈച്ചയെ കൊല്ലാൻ ചുറ്റിക ഉപയോഗിക്കരുത്” എന്ന് സർക്കാരിനോട് ഓർമ്മിപ്പിക്കുകയും ചെയ്തു. സമരം നേരിടാൻ മെട്രോ സ്റ്റേഷനുകളും ട്രെയിൻ ഗതാഗതവും പൂർണ്ണമായി നിരോധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഗതാഗതം പൂർണ്ണമായി തടയാതെ യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ നിയന്ത്രിതമായി (Regulated) സർവീസുകൾ പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാരിനോടും ഡൽഹി പോലീസിനോടും ഉത്തരവിട്ടു.
കേന്ദ്രത്തിന്റെ യാത്രാവിലക്കുകളെ പരിഹസിച്ചുകൊണ്ട് സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെ രംഗത്തെത്തി. “മോദിജി, നിങ്ങളുടെ ബി.പി ഇടയ്ക്കിടെ പരിശോധിച്ചോളൂ; എത്ര ബാരിക്കേഡുകളും വിലക്കുകളും തീർത്താലും നാളെ ഞങ്ങൾ ഡൽഹിയിൽ കാണും” എന്ന് അദ്ദേഹം വ്യക്തമാക്കി. ഐ.എസ്.എ (AISA), എസ്.എഫ്.ഐ (SFI), എ.ഐ.എസ്.എഫ് (AISF) എന്നീ പ്രമുഖ ഇടത് വിദ്യാർത്ഥി പ്രസ്ഥാനങ്ങളും, യൂത്ത് കോൺഗ്രസ്, എൻ.എസ്.യു.ഐ (NSUI) എന്നീ സംഘടനകളും ഇന്ത്യാ (INDIA) സഖ്യവും പൂർണ്ണ പിന്തുണയോടെ നാളത്തെ പ്രക്ഷോഭത്തിൽ അണിനിരക്കുന്നുണ്ട്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെയും പ്രവർത്തകരെയും വഴിമധ്യേ പോലീസ് തടഞ്ഞുവെക്കുകയും കരുതൽ തടങ്കലിലാക്കുകയും ചെയ്യുന്നുണ്ടെങ്കിലും, സുപ്രീം കോടതിയുടെ ഉത്തരവോടെ നിയന്ത്രണങ്ങളിൽ പ്രതീക്ഷിക്കുന്നുണ്ട്. എന്തുതന്നെയായാലും പ്രതിഷേധവുമായി മുൻപോട്ട് പോകാനാണ് സംഘാടകരുടെ തീരുമാനം.
















