
കൊച്ചി: ലക്ഷദ്വീപ് എം.പി ഹംദുള്ളാ സഈദിന് എൻ.എസ്.യു.ഐ സംസ്ഥാന സെക്രട്ടറി അഷ്ഹർ ഷബീബ് എം അയച്ച കത്ത് പുറത്തുവന്ന സംഭവം വ്യാജവാർത്തയാണെന്ന് പറഞ്ഞ് തള്ളാൻ ശ്രമിച്ച എൻ.എസ്.യു.ഐ സംസ്ഥാന നേതൃത്വം കടുത്ത പ്രതിരോധത്തിലായി. ‘ദ്വീപ് മലയാളി‘ പുറത്തുവിട്ട കത്ത് പൂർണ്ണമായും സത്യമാണെന്നും, വാർത്ത നിഷേധിച്ചുകൊണ്ട് എൻ.എസ്.യു.ഐ നൽകിയ പ്രസ്താവന വെറും മുഖം രക്ഷിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായിരുന്നു എന്നും വ്യക്തമാക്കുന്ന രേഖകൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഇത്തരമൊരു കത്തേ ഇല്ലെന്ന് പ്രചരിപ്പിച്ച എൻ.എസ്.യു.ഐ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് കബീർ ബി തന്നെ, കത്തയച്ചതിന് അഷ്ഹർ ഷബീബിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചതോടെ എൻ.എസ്.യു.ഐയുടെ വാദം പൂർണ്ണമായി പൊളിഞ്ഞു.
ലക്ഷദ്വീപിലെ ജനങ്ങളുടെ പ്രശ്നങ്ങളിൽ എം.പിയും കോൺഗ്രസും ഇടപെടണമെന്നും പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു അഷ്ഹർ ഷബീബ് കത്തയച്ചത്. എന്നാൽ കത്ത് പുറത്തുവന്നതോടെ തങ്ങളുടെ വീഴ്ച മറയ്ക്കാനായി എൻ.എസ്.യു.ഐ നേതൃത്വം ഇപ്പോൾ അഷ്ഹർ ഷബീബിനെതിരെ തിരിഞ്ഞിരിക്കുകയാണ്. പ്രസിഡന്റിന്റെ അനുമതിയില്ലാതെ ലെറ്റർഹെഡ് ഉപയോഗിച്ച് കത്തയച്ചത് അച്ചടക്ക ലംഘനമാണെന്നാണ് നോട്ടീസിൽ പറയുന്നത്.
പ്രസിഡന്റിന്റെ അറിവോടെയാണോ കത്ത് നൽകിയതെന്നും, ലെറ്റർഹെഡ് ഉപയോഗിക്കാൻ അനുവാദം വാങ്ങിയിരുന്നോ എന്നും ചോദിക്കുന്ന നോട്ടീസിൽ, 24 മണിക്കൂറിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ അഷ്ഹർ ഷബീബിനെ പുറത്താക്കുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്.
ഒരു വശത്ത് കത്ത് വ്യാജമാണെന്ന് പറഞ്ഞ് ജനങ്ങളെ പത്ര പ്രസ്താവന ഇറക്കുകയും, മറു വശത്ത് അതേ കത്തിന്റെ പേരിൽ സ്വന്തം ഭാരവാഹിക്കെതിരെ നടപടിയെടുക്കുകയും ചെയ്യുന്ന എൻ.എസ്.യു.ഐയുടെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. ‘ദ്വീപ് മലയാളി‘ നൽകിയ വാർത്ത പൂർണ്ണമായും സത്യമായിരുന്നു എന്ന് ഈ നോട്ടീസ് തെളിയിക്കുന്നു. സ്വന്തം ഭാരവാഹി ഉയർത്തിയ ന്യായമായ ആവശ്യങ്ങളെ പിന്തുണയ്ക്കുന്നതിന് പകരം, സത്യം പുറത്തുകൊണ്ടുവന്ന മാധ്യമങ്ങളെ ഭീഷണിപ്പെടുത്താനും സ്വന്തം നേതാവിനെ വേട്ടയാടാനും ശ്രമിക്കുന്ന എൻ.എസ്.യു.ഐ നിലപാടിനെതിരെ പാർട്ടിക്കുള്ളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
















