
അഗത്തി: ഉപരാഷ്ട്രപതി ശ്രീ. സി. പി. രാധാകൃഷ്ണൻ അഗത്തിയിൽ ഔദ്യോഗിക സന്ദർശനം നടത്തി. രാവിലെ 8:15-ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ത്യൻ എയർഫോഴ്സിന്റെ പ്രത്യേക വിമാനത്തിൽ (C-130) പുറപ്പെട്ട അദ്ദേഹം രാവിലെ 9:55-ന് അഗത്തി വിമാനത്താവളത്തിൽ എത്തിച്ചേർന്നു. വിമാനത്താവളത്തിലെ ഊഷ്മളമായ സ്വീകരണത്തിന് ശേഷം, കേന്ദ്ര മത്സ്യബന്ധന മന്ത്രാലയം സംഘടിപ്പിച്ച പ്രത്യേക സമ്പർക്ക പരിപാടിയിൽ (Outreach Programme) മുഖ്യാതിഥിയായി അദ്ദേഹം പങ്കെടുത്തു.

ചടങ്ങിൽ ലക്ഷദ്വീപിലെ അലങ്കാര മത്സ്യ വികസനത്തിനായി ആവിഷ്കരിച്ച “മിഷൻ രംഗീൻ മഛ്ലി 2031” സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ ഉപരാഷ്ട്രപതി പ്രകാശനം ചെയ്തു. കൂടാതെ മത്സ്യബന്ധന മേഖലയിലെ ഗുണഭോക്താക്കൾക്കുള്ള വിവിധ സർക്കാർ സഹായങ്ങളും ആനുകൂല്യങ്ങളും അദ്ദേഹം വിതരണം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമാണ് ഇന്ത്യയിലെ നീല വിപ്ലവത്തിന് (Blue Revolution) പുതിയ കരുത്ത് നൽകുന്നതെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു. പ്രധാൻ മന്ത്രി മത്സ്യ സമ്പദ യോജന (PMMSY) വഴി 62 കോടിയിലധികം രൂപയുടെ പദ്ധതികളാണ് ലക്ഷദ്വീപിനായി അനുവദിച്ചിരിക്കുന്നത്. ലക്ഷദ്വീപിന് ഒരു ലക്ഷം ടണ്ണിലധികം മത്സ്യബന്ധന ശേഷിയുണ്ടെന്നും, ഇത് ശാസ്ത്രീയവും സുസ്ഥിരവുമായ രീതിയിൽ പ്രയോജനപ്പെടുത്തി ദ്വീപ് സമൂഹത്തിന് സാമ്പത്തിക അഭിവൃദ്ധി ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര മത്സ്യബന്ധന മന്ത്രി രാജീവ് രഞ്ജൻ സിംഗ്, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ. പട്ടേൽ, കേന്ദ്ര സഹമന്ത്രി പ്രൊഫ. എസ്. പി. സിംഗ് ബാഗേൽ, മത്സ്യബന്ധന വകുപ്പ് സെക്രട്ടറി ഡോ. അഭിലാഷ് ലിഖി തുടങ്ങിയ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. സന്ദർശനത്തിനും ഔദ്യോഗിക പരിപാടികൾക്കും ശേഷം ഉച്ചയ്ക്ക് 12:00 മണിയോടെ ഉപരാഷ്ട്രപതി അഗത്തിയിൽ നിന്ന് കൊച്ചിയിലേക്ക് യാത്രാതിരിച്ചു.
















