
കവരത്തി: ലക്ഷദ്വീപ് കപ്പൽ ടിക്കറ്റ് വിതരണത്തിൽ സുതാര്യത ഉറപ്പാക്കാനായി ഐആർസിടിസി (IRCTC) പോർട്ടൽ നിലവിൽ വന്നിട്ടും, നിർത്തലാക്കിയെന്ന് അധികൃതർ പ്രഖ്യാപിച്ച പഴയ വെബ്‌സൈറ്റ് വഴി രഹസ്യമായി ടിക്കറ്റ് വിൽപ്പന നടത്തിയെന്ന ഗുരുതരമായ വിവരങ്ങൾ പുറത്ത്. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ (NIC) വികസിപ്പിച്ച പഴയ ‘വെബ്‌സ്റ്റാർ’ (Webstar) പോർട്ടൽ വഴി ഇപ്പോഴും ടിക്കറ്റുകൾ അനധികൃതമായി വിറ്റഴിക്കുന്നതിൻ്റെ കൃത്യമായ തെളിവുകളാണ് ഇപ്പോൾ പൊതുമധ്യത്തിൽ എത്തിയിരിക്കുന്നത്. മിസ്രാവ് (Misrav) യൂട്യൂബ് ചാനലിലൂടെ പ്രമുഖ സാമൂഹിക പ്രവർത്തകൻ മഹ്ദാ ഹുസൈൻ തെളിവുകൾ സഹിതം ഈ വൻ ക്രമക്കേട് പുറത്തുകൊണ്ടുവന്നതോടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനും പോർട്ട് വിഭാഗവും പ്രതിക്കൂട്ടിലായിരിക്കുകയാണ്. സംഭവം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ കടുത്ത ജനരോഷത്തിന് കാരണമായതോടെ, വിവാദമായ പഴയ പോർട്ടൽ അധികൃതർ പെട്ടെന്ന് തന്നെ പൂർണ്ണമായും റദ്ദാക്കുകയും വിശദീകരണവുമായി സർക്കുലർ ഇറക്കുകയും ചെയ്തു.

കഴിഞ്ഞ 2025 ഡിസംബർ 5 മുതൽ കപ്പൽ ടിക്കറ്റ് ബുക്കിംഗിനായി ഐആർസിടിസിയുടെ പുതിയ ലക്ഷദ്വീപ് പോർട്ടൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചിരുന്നു. ഡിസംബർ 14 മുതലുള്ള കപ്പൽ സർവീസുകൾക്കുള്ള ടിക്കറ്റുകൾ ഇനിമുതൽ പുതിയ പോർട്ടൽ വഴി മാത്രമായിരിക്കുമെന്നും, പഴയ വെബ്‌സ്റ്റാർ സംവിധാനം ഇനി ലഭ്യമാകില്ലെന്നും ഡിപ്പാർട്ട്മെന്റ് ഓഫ് പോർട്ട്, ഷിപ്പിംഗ് ആൻഡ് ഏവിയേഷൻ ജനങ്ങളെ അറിയിച്ചിരുന്നതുമാണ്. ഇതേത്തുടർന്ന് ലക്ഷദ്വീപിലെ സാധാരണക്കാരായ യാത്രക്കാരും ടൂറിസ്റ്റുകളും പഴയ വെബ്‌സൈറ്റ് പൂർണ്ണമായും ഉപേക്ഷിച്ച് പുതിയ ഐആർസിടിസി പോർട്ടലിൽ ലോഗിൻ ഐഡികൾ നിർമ്മിച്ച് അതിലേക്ക് മാറിയിരുന്നു. എന്നാൽ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് കൊണ്ട്, പശ്ചാത്തലത്തിൽ പഴയ പോർട്ടൽ സജീവമായി നിലനിർത്തുകയും അതിലൂടെ വലിയ രീതിയിൽ ടിക്കറ്റ് അട്ടിമറി നടത്തുകയുമായിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നത്.

ടിക്കറ്റ് വിതരണത്തിലെ ഇത്തരം വൻ ക്രമക്കേടുകൾക്ക് പിന്നിൽ ഡിപ്പാർട്ട്മെന്റ് ഓഫ് പോർട്ട്, ഷിപ്പിംഗ് ആൻഡ് ഏവിയേഷനിലെ ഉദ്യോഗസ്ഥർക്ക് നേരിട്ട് പങ്കുണ്ടെന്ന ശക്തമായ ആരോപണമാണ് ദ്വീപുവാസികൾ ഉന്നയിക്കുന്നത്. സാധാരണക്കാർ പുതിയ വെബ്‌സൈറ്റിൽ ടിക്കറ്റിനായി കാത്തിരിക്കുമ്പോൾ, പഴയ പോർട്ടൽ ദുരുപയോഗം ചെയ്ത് മാഫിയകൾക്കും താല്പര്യക്കാർക്കും ടിക്കറ്റുകൾ മറിച്ച് നൽകുകയായിരുന്നു എന്ന സംശയമാണ് ജനങ്ങൾ പങ്കുവെക്കുന്നത്. പ്രതിഷേധം ദ്വീപിലുടനീളം അതിവേഗം പടരുകയും ഭരണകൂടത്തിനെതിരെ സാമൂഹിക മാധ്യമങ്ങൾ വഴി ജനങ്ങൾ രംഗത്തിറങ്ങുകയും ചെയ്തതോടെ, അധികൃതർ അടിയന്തിരമായി വെബ്‌സ്റ്റാർ വെബ്‌സൈറ്റ് പൂർണ്ണമായും പൂട്ടി. തുടർന്ന് കപ്പൽ ടിക്കറ്റുകൾ ഇനിമുതൽ ഐആർസിടിസി വെബ്‌സൈറ്റ് വഴി മാത്രമേ ലഭ്യമാകൂ എന്ന് വ്യക്തമാക്കിക്കൊണ്ട് ഡിപ്പാർട്ട്മെന്റ് പുതിയ നോട്ടീസ് പുറപ്പെടുവിച്ചു. പോർട്ട്, ഷിപ്പിംഗ് ആന്റ് ഏവിയേഷൻ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ശ്രീ.എം.കെ ഷക്കീൽ അഹമ്മദാണ് പുതിയ നോട്ടീസ് പുറപ്പെടുവിച്ചത്. ജനങ്ങളെ വഞ്ചിച്ച ഈ ടിക്കറ്റ് മാഫിയ ഇടപാടുകളെക്കുറിച്ച് സമഗ്രമായ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ദ്വീപ് ജനത. ടിക്കറ്റ് ഹാക്കിംഗുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന അന്വേഷണ സംഘം, തുറമുഖ വകുപ്പിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
















