
കൊച്ചി: ആയോധനകലാ രംഗത്തെ അത്യപൂർവ്വ നേട്ടമായ ഗ്രാൻഡ്മാസ്റ്റർ പദവി സ്വന്തമാക്കി കവരത്തി സ്വദേശി ഡോ. തസ്ലീമുദ്ദീൻ. പതിനൊന്നാം ഡിഗ്രി ബ്ലാക്ക് ബെൽറ്റും കടന്ന് മർമ്മ റെഡ് ബെൽറ്റ് (MRB) കരസ്ഥമാക്കിയ അദ്ദേഹം ഈ പദവിയിലെത്തുന്ന ആദ്യ ലക്ഷദ്വീപുകാരനെന്ന ചരിത്രപരമായ നാഴികക്കല്ലാണ് പിന്നിട്ടത്. മുതിർന്ന ഗ്രാൻഡ്മാസ്റ്റർ ശ്രീ. ആന്റണിയുടെ മേൽനോട്ടത്തിൽ നടന്ന ചടങ്ങിൽ വെച്ച് ഈ ഔദ്യോഗിക പദവി ഇദ്ദേഹത്തിന് നൽകി ആദരിച്ചു. അതോടൊപ്പം, ഐ.എം.എ അക്കാദമിയിൽ നിന്ന് ഗ്രാൻഡ്മാസ്റ്റർ പദവി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതിയും ഡോ. തസ്ലീമുദ്ദീൻ ഇതോടെ സ്വന്തമാക്കി.

കേരള പോലീസ് സേനയിലെ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി പാരമ്പര്യമുള്ള പ്രശസ്തമായ ഐ.എം.എ. അക്കാദമിയിൽ നിന്നാണ് ഡോ. തസ്ലീമുദ്ദീൻ ഈ നേട്ടം കൈവരിച്ചത്. മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തിൽ നിന്ന് പോലും വെറും നാൽപ്പത്തിനാല് പേർക്ക് മാത്രം പ്രാപ്യമായ ഈ അപൂർവ്വ ബഹുമതിയിലേക്ക് ഒരു ലക്ഷദ്വീപുകാരൻ നടന്നുകയറി എന്നത് കായിക കേരളത്തിനും വിസ്മയമായിരിക്കുകയാണ്. കഠിനമായ പരിശീലനമുറകളിലൂടെയും വർഷങ്ങളുടെ ആത്മസമർപ്പണത്തിലൂടെയുമാണ് തസ്ലീമുദ്ദീൻ ഈ അപൂർവ്വ നേട്ടം എത്തിപ്പിടിച്ചത്.
കായിക നേട്ടങ്ങൾക്ക് പുറമെ മികച്ച വിദ്യാഭ്യാസ പശ്ചാത്തലവും തസ്ലീമുദ്ദീന്റെ വിജയങ്ങൾക്ക് മുതൽക്കൂട്ടായിട്ടുണ്ട്. 2024-ൽ ഏഷ്യൻ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ഇദ്ദേഹത്തിന്റെ മേഖലയിലെ വൈദഗ്ധ്യം പരിഗണിച്ച് ഡോക്ടറേറ്റ് നൽകി ആദരിച്ചിരുന്നു. ആയോധനകലയിൽ അന്താരാഷ്ട്ര തലത്തിൽ ലോക റെക്കോർഡ് സ്വന്തമാക്കുന്ന ആദ്യ ലക്ഷദ്വീപുകാരൻ കൂടിയാണ് ഡോ. തസ്ലീമുദ്ദീൻ. കായികരംഗത്തെ ഈ ഉന്നത നേട്ടം ലക്ഷദ്വീപിന്റെ ചരിത്രത്തിൽ തന്നെ തങ്കലിപികളാൽ എഴുതപ്പെടേണ്ട ഒന്നായി മാറിയിരിക്കുകയാണ്.
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ്, വേൾഡ് റെക്കോർഡ് തുടങ്ങി നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങളാണ് ഇദ്ദേഹത്തിന്റെ പേരിൽ നിലവിലുള്ളത്. തസ്ലീമുദ്ദീന്റെ ഈ തുല്യതയില്ലാത്ത നേട്ടം ലക്ഷദ്വീപിലെ വളർന്നുവരുന്ന യുവതലമുറയ്ക്ക് വലിയ ആവേശവും പ്രചോദനവുമാണ് നൽകുന്നത്. ആയോധനകലയിൽ ലോകത്തിന്റെ നെറുകയിൽ ലക്ഷദ്വീപിന്റെ പെരുമ എത്തിച്ച ഈ കവരത്തി സ്വദേശിക്ക് വിവിധ കായിക സംഘടനകളും പ്രമുഖ വ്യക്തികളും അഭിനന്ദനങ്ങൾ അർപ്പിച്ചു.
















