
കവരത്തി: സുഹലി ദ്വീപിന് സമീപത്ത് നിന്ന് പിടിച്ചെടുത്ത ബോട്ടുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി ലക്ഷദ്വീപ് ഫിഷറീസ് വകുപ്പ്. മത്സ്യത്തൊഴിലാളികളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്നാണ് ഒരാഴ്ചയായി കവരത്തിയിൽ തടഞ്ഞുവെച്ചിരിക്കുന്ന ബോട്ടുകൾക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് (Show Cause Notice) പുറപ്പെടുവിച്ചത്.
ലക്ഷദ്വീപ് മറൈൻ ഫിഷിംഗ് റെഗുലേഷൻ (LMFR) 2000-ലെ സെക്ഷൻ 15(1) പ്രകാരം, കവരത്തിയിലെ ഓതറൈസ്ഡ് ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സുഹലി ദ്വീപിന് സമീപത്തെ സമുദ്രാതിർത്തി ലംഘിച്ച് അനധികൃത മത്സ്യബന്ധനത്തിലേർപ്പെട്ട നാല് ബോട്ടുകളെയാണ് ഇംപൗണ്ട് ചെയ്തിരിക്കുന്നത്.
പിടിയിലായ ബോട്ടുകളുടെ വിവരങ്ങൾ താഴെ നൽകുന്നു:
- THOOYA AAVI (IND-TN-11-MM-1468) – ഉടമ: ആന്റണി, പാമ്പൻ, തമിഴ്നാട്. 2025 ഡിസംബർ 21-നാണ് ഈ ബോട്ട് പിടിച്ചെടുത്തത്.
- SIPPY (IND-TN-11-MM-1176) – ഉടമ: ചാൾസ്, പാമ്പൻ, തമിഴ്നാട്. ഡിസംബർ 21-നാണ് ഈ ബോട്ടും നടപടിക്ക് വിധേയമായത്.
- “RR” (IND-TN-12-MM-6918) – ഉടമ: ആന്റണി രാജ കുമാർ, തരുവായ്കുളം, തമിഴ്നാട്. ഡിസംബർ 22-നാണ് ഈ ബോട്ട് കസ്റ്റഡിയിലെടുത്തത്.
- പേര് രേഖപ്പെടുത്താത്ത ബോട്ട് (IND-TN-12-MM-5424) – ഉടമ: ജയസിങ്, തരുവായ്കുളം, തമിഴ്നാട്. ഡിസംബർ 22-നാണ് ഇത് പിടികൂടിയത്.
ഫിഷറീസ് ഡയറക്ടറും അഡ്ജുഡിക്കേറ്റിംഗ് ഓഫീസറുമായ കെ. ബുസാർ ജംഹർ ആണ് നോട്ടീസ് അയച്ചിരിക്കുന്നത്. LMFR 2000 പ്രകാരം ഇവർക്കെതിരെ എന്തുകൊണ്ട് നടപടി സ്വീകരിക്കരുത് എന്നതിന് 30 ദിവസത്തിനകം വിശദീകരണം നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. കൃത്യസമയത്ത് മറുപടി നൽകാത്ത പക്ഷം ഏകപക്ഷീയമായ തീരുമാനങ്ങളുമായി അധികൃതർ മുന്നോട്ട് പോകുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. മുൻപ് ബോട്ടുകളെ വെറുതെ വിട്ടയക്കാൻ നീക്കം നടക്കുന്നതായി ആരോപിച്ച് കവരത്തിയിലെ മത്സ്യത്തൊഴിലാളികൾ കടുത്ത പ്രതിഷേധത്തിലായിരുന്നു.
















