
ചെത്ത്ലത്ത്: ലക്ഷദ്വീപ് സ്റ്റുഡൻസ് അസോസിയേഷൻ (LSA) കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന ദ്വീപ് തല ക്യാമ്പയിൻ ‘ഇൻക്വിലാബ്: ദി ഒഡീസി’ (INQUILAB THE ODYSSEY) ആവേശകരമായ തുടക്കം. ഡിസംബർ 24-ന് ചെത്ത്ലത്ത് ദ്വീപിൽ വെച്ച് നടന്ന ചടങ്ങോടെയാണ് ക്യാമ്പയിന് ഔദ്യോഗികമായി തുടക്കമിട്ടത്.
ചെത്ത്ലത്ത് ദ്വീപ് കോർഡിനേറ്റർ മുഹമ്മദ് മുബീൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. LSA കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് മിസ്ബാഹുദ്ദീൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ക്യാമ്പയിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചും, കഴിഞ്ഞ 55 വർഷമായി ലക്ഷദ്വീപ് വിദ്യാർത്ഥി സമൂഹത്തിനുവേണ്ടി LSA നടത്തിയ സമാനതകളില്ലാത്ത പോരാട്ട ചരിത്രത്തെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു.

നിലവിൽ ലക്ഷദ്വീപിലെ ഉദ്യോഗാർത്ഥികൾ നേരിടുന്ന രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കപ്പെടുന്നത് വരെ സംഘടനയുടെ പ്രതിഷേധ പോരാട്ടങ്ങൾ തുടരുമെന്ന് മിസ്ബാഹുദ്ദീൻ തന്റെ പ്രസംഗത്തിൽ പ്രഖ്യാപിച്ചു. ദ്വീപിലെ യുവതയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ LSA മുൻപന്തിയിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽ. എസ്. എ ജനറൽ സെക്രട്ടറി മുഹമ്മദ് സഫറുള്ള ഖാൻ, ട്രഷറർ റമീസ് ഖാൻ, സെക്രട്ടറി അറൂഷ് ഖാൻ എന്നിവർ സംസാരിച്ചു. വരും ദിവസങ്ങളിൽ മറ്റ് ദ്വീപുകളിലേക്കും ക്യാമ്പയിൻ വ്യാപിക്കും.
















